കൂടത്തായി കൂട്ടക്കൊലപാതകം; കൊലപാതകത്തിന് പിന്നിൽ ധനമോഹവും, അവിഹിത ബന്ധവും

By Sooraj Surendran.05 10 2019

imran-azhar

 

 

കോഴിക്കോട്: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിന് പിന്നിൽ ധനമോഹവും, അവിഹിത ബന്ധവും. കേരളക്കര കണ്ട ഏറ്റവും വലിയ കൊലപാതകമാണ് കൂടത്തായിയിൽ നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ജോളി കൊലപാതകങ്ങൾ നടത്തിയത്. കൊലപാതകത്തിന് പിന്നിൽ സ്വത്ത് തട്ടിയെടുക്കൽ മാത്രമാണോ ലക്ഷ്യം?

 

14 വർഷങ്ങൾ കൊണ്ടാണ് ജോളി 6 കൊലപാതകങ്ങൾ നടത്തിയത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയെയും, 2008 ഓഗസ്റ്റ് 26ന് ടോം തോമസിനെയും, 2011 സെപ്റ്റംബർ 30ന് റോയിയേയും, 2014 ഫെബ്രുവരി 24ന് മാത്യുവിനേയും, 2014 മെയ് 3ന് സഹോദരപുത്രന്റെ മകൾ രണ്ട് വയസുള്ള അൽഫൈനെയും, 2016 ജനുവരി 11ന് അമ്മ സിലിയെയും ജോളി ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആറുപേരും മരിക്കുന്നതിന് തൊട്ടു മുമ്പ് ആട്ടിന്‍ സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി ഇതിനോടകം തന്നെ സമ്മതിച്ചിട്ടുണ്ട്.

 

ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച ജോളിയെയും ഇവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജോളിയുടെ മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റിലേക്കുള്ള വഴി തുറന്നതെന്നു പറഞ്ഞ എസ്പി ജോളിയുടെ ഭാർത്താവ് ഷാജുവിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും വ്യക്തമാക്കി.

 

അവിഹിത ബന്ധത്തിനും ആഡംബര ജീവിതത്തിനുമായി സ്വന്തം കുടുംബാംഗങ്ങളെ കൊന്നൊടുക്കുന്ന കൊലപാതക പരമ്പരകൾ കേരളത്തിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വഴിവിട്ട ജീവിതത്തിന് ജന്‍മം നല്‍കിയ മാതാപിതാക്കളെയും നൊന്തുപെറ്റ മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ പിണറായിയിൽ സൗമ്യ, ആര്‍ഭാട ജീവിതത്തിന് 2009ൽ അമ്മായിഅച്ഛനെ കൊന്ന ഷെറിന്‍, കാമുകനൊപ്പം ജീവിക്കാൻ മകളെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയ ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തി, കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച ഡോക്ടര്‍ ഓമന, കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന തിരുവാണിയൂരിലെ റാണി.

 

ഇത്തരം കേസുകൾ ഉണ്ടായിട്ടും വീണ്ടും കൂട്ടക്കൊലപാതകങ്ങൾ അവർത്തിക്കുന്നതെന്തുകൊണ്ട്? നിയമവ്യവസ്ഥകളിലെ അപാകതയോ? കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളുടെ നിരയിലേക്ക് മാറുകയാണ് ഇതോടെ കൂടത്തായി സംഭവവും.

 

OTHER SECTIONS