കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; ചേതനയറ്റ മാര്‍ട്ടിനും മക്കൾക്കും വിടചൊല്ലി നാട്‌

By Preethi Pippi.18 10 2021

imran-azhar

 

കൂട്ടിക്കൽ: ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്കാരത്തിനായി എത്തിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയാണ് പൊതു ദർശനം.

 

 

അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. മഴയെ അവഗണിച്ച് നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

 

 

കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി എന്‍ വാസവന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. എം എല്‍ എമാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, എ ഡി എം ജിനു പുന്നൂസ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.

 

 

നിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ടു പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഇന്നലെയാണ് മാർട്ടിൻ, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്.

 

 

തുടർന്ന് ഒരുമിച്ച് സംസ്കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ 12:30 ന് പള്ളിയിൽ എത്തിക്കുകയായിരുന്നു. 2 കല്ലറകളിലായി സംസ്കാരം നടന്നു.

 

 

 

OTHER SECTIONS