കാനനഭംഗി ആസ്വദിച്ച് ഒരു ജലാശയ സവാരി; ചങ്ങാട യാത്രയുമായി കോട്ടൂർ ഒരുങ്ങി

By online desk.27 08 2019

imran-azhar

 

തിരുവനന്തപുരം : കാനനഭംഗി ആസ്വദിച്ച് ഒരു ജലാശയ സവാരി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇതാ തലസ്ഥാനത്ത് അത്തരത്തിലൊരു ടൂറിസം പദ്ധതിക്കൊരുങ്ങുകയാണ് നെയ്യാര്‍. കോട്ടൂരിലെ നെയ്യാര്‍ ജലാശയത്തില്‍ ചങ്ങാട യാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എല്ലാ വര്‍ഷവും ഓണക്കാലത്ത് നെയ്യാര്‍ ഡാമിന്റെ റിസര്‍വ്വോയറില്‍ കാപ്പുകാട്ട് ജലയാത്ര വനംവകുപ്പ് തയാറെടുക്കുകയാണ്. രണ്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ടും, നാല് മുതല്‍ പത്തിലധികം പേരുമായി സഞ്ചരിക്കാവുന്ന യന്ത്ര ബോട്ടും ഒക്കെ സഞ്ചാരികള്‍ക്കു വേണ്ടി ഉണ്ടെങ്കിലും, കാട്ടു മുളയില്‍ തീര്‍ത്ത ചങ്ങാടത്തിലെ യാത്രയാണ് ഏറെ അസ്വാദ്യകരമെന്ന് സഞ്ചാരികള്‍ പറയുന്നു. ഒരാള്‍ക്ക് നൂറ് രൂപ നല്‍കിയാല്‍ അരമണിക്കൂര്‍ നേരം ജലാശയത്തിലൂടെ മെല്ലെ ഒഴുകി കാടിന്റെ വശ്യ മനോഹാരിത ആസ്വദിക്കാന്‍ കഴിയും.


ചങ്ങാടത്തില്‍ തുഴക്കാരന്‍ ഉള്‍പ്പടെ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പതിമൂന്നോളം പേര്‍ക്ക് ഒരേ സമയം യാത്ര നടത്താം.20 ദിവസത്തോളം എടുത്താണ് നാലോളം പേര്‍ കാട്ടുമുളകള്‍ ശേഖരിച്ചു കൃത്യമായ അളവിലും ആകൃതിയിലും ചങ്ങാടം നിര്‍മ്മിക്കുന്നത്. പത്തടിയോളം നീളമുള്ള 42 മുളകള്‍ രണ്ടു തട്ടായി കയര്‍ കൊണ്ട് വരിഞ്ഞാണ് അടിസ്ഥാനം ബലപ്പെടുത്തിയിട്ടുള്ളത്.

 

ഇതിനു മുകളില്‍ ഇരുവശവും യാത്രക്കാര്‍ക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടങ്ങളും ഒരു വശത്തു തുഴക്കാരനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. രണ്ട് ചങ്ങാടങ്ങള്‍ 80 ശതമാനത്തോളം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി. മറ്റു ബോട്ടുകളെ അപേക്ഷിച്ച് പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ സൗകര്യമാണ് ചങ്ങാടത്തില്‍ യാത്ര. കരയില്‍ നിന്നും അധികം ആയാസമില്ലാതെ ഇവര്‍ക്ക് കയറാനാകും എന്നതാണ് എടുത്തുപറയേണ്ട സൗകര്യം.എല്ലാ വര്‍ഷവും ഓണത്തോടു അനുബന്ധിച്ചാണ് കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനും, ആനകളെ അടുത്തറിയുന്നതിനൊപ്പം ജലാശയത്തിലൂടെയുള്ള യാത്ര ഒരുക്കുന്നത്. ഈ വര്‍ഷത്തെ ഓണത്തിനും കോട്ടൂര്‍ കാപ്പുകാട്ട് എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാകും ചങ്ങാട യാത്ര.

OTHER SECTIONS