കോവളം-മാഹി ബോട്ട് സര്‍വീസ് 2020 മേയ് മുതല്‍

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: കോവളം മുതല്‍ മാഹിവരെയുള്ള ബോട്ട് സര്‍വീസ് 2020 മെയ് മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 11 ജില്ലകളിലൂടെയുള്ള ജലപാതയിലൂടെ 633 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ (ഡബ്‌ള്യുസിസി) സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനു മുന്നോടിയായി കോട്ടാപുരം,ചേറ്റുവ, വള്ളക്കടവ്,ആക്കുളം എന്നിവിടങ്ങളില്‍ സിയാല്‍ വാങ്ങിയ ആറ് സീറ്റുള്ള സ്പീഡ് ബോട്ട് ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തും. ഇത് വിജയകരമെന്നു കണ്ടാല്‍ 2020 മെയ് മാസത്തോടെ മാഹി വരെ ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയത്.
ഇതിനായുള്ള ട്രയല്‍ റണ്‍ നടത്തും 2020 മാര്‍ച്ചില്‍ നടത്തും. ഇടതു സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍വീസ് ആരംഭിക്കുക. ദേശീയ ജലപാതയുടെ വികസനം എല്‍ഡിഎഫിന്റെ പ്രധനാ വാഗ്ദാനങ്ങളില്‍ ഒന്നാണ്. നിലവില്‍ റോഡുമാര്‍ഗമുള്ള ചരക്കു നീക്കത്തിന്റെ അഞ്ചുശതമാനം ജലപാതയിലൂടെ മാറ്റാനാണ് നീക്കം. അഞ്ചുവര്‍ഷത്തിനുള്ളിലാണ് പദ്ധതി നടപ്പാക്കുക.
ഒരേസമയം 25 മുതല്‍ 30വരെ ആളുകള്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സൗരോര്‍ജ്ജ ബോട്ടുകളും ഇതോടൊപ്പം നീറ്റിലിറക്കും.
മാഹി-വളപട്ടണം ഭാഗത്ത് 57 കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിനായി കാത്തുനില്‍ക്കാതെ ബോട്ട് സര്‍വീസിനുള്ള ജലപാത തുറന്നുകൊടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആറ് വില്ലേജുകളിലായി പരന്നുകിടക്കുന്ന 178.95 ഏക്കര്‍ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അഞ്ചരക്കണ്ടിക്കും വളപട്ടണം നദിക്കും ഇടയില്‍ 246.5 ഏക്കറില്‍ കൃത്രിമ കനാല്‍ നിര്‍മാണത്തിനും അനുമതിയായിട്ടുണ്ട്.
എന്നാല്‍ ഈ പദ്ധതിക്കായി വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ മാത്രമേ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുള്ളു. മറ്റു പ്രവര്‍ത്തികള്‍ക്കായി കൂടുതല്‍ സമയമെടുക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരദേശ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ഗതാഗതവുമായി ബന്ധപ്പെട്ട പുരോഗതിയും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളും വിലയിരുത്തി.
വര്‍ക്കലയിലെ ഭൂഗര്‍ഭജലപാത വൃത്തിയാക്കലും റഗുലേറ്റര്‍ മാറ്റി സ്ഥാപിക്കലുമാണ് പ്രധാന ജോലി. വര്‍ക്കലയിലെ 305 മീറ്റര്‍, 720 മീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ക്ക് 4.5 മീറ്റര്‍ വ്യാസമാണുള്ളത്. ഈ സിലിണ്ടര്‍ നീക്കം ചെയ്യാനും ബോട്ട് സര്‍വീസ് നടത്തുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആക്കുളം, കൊല്ലം ജലപാത തുറന്നുവിടുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്.
പെരുന്നെല്ലി, വള്ളക്കടവ് എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കും. അടുത്ത മെയ് മാസത്തോടെ പണി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
ബാക്കിയുള്ള 27 കിലോമീറ്റര്‍ ജലപാതയുടെ മൂന്നാം ഘട്ടത്തില്‍ ഏറ്റെടുക്കും.

OTHER SECTIONS