കരിപ്പൂറില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങില്ലേ? റണ്‍വെ വികസനം സാധ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണമെന്ന് എ.എ.ഐ.

By RK.22 09 2021

imran-azhar

 


ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങാന്‍ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തണമെന്ന് സംസ്ഥാനത്തോട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.). റണ്‍വേ വികസനം സാധ്യമല്ലാത്തതിനാലാണ് എഎഐയുടെ നിര്‍ദേശം.

 

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റണ്‍വേകള്‍ ആവശ്യമാണ്. കോഴിക്കോട്ട് 2700 മീറ്റര്‍ മാത്രമാണ് നീളം. ഇത് കൂട്ടുന്നതിന് പദ്ധതി തയ്യാറാക്കിയ എ.എ.ഐ. കേരള സര്‍ക്കാരിനോട് 485 ഏക്കര്‍ ഏറ്റെടുത്തു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

സര്‍ക്കാര്‍ ഇതിന് ഭരണപരമായ അനുമതി ആദ്യം നല്‍കി. എന്നാല്‍, പിന്നീട് സ്ഥലം ചുരുക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 152.5 ഏക്കറാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

 

കരിപ്പൂര്‍ വിമാനദുരന്തത്തെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി അവലോകനം ചെയ്ത ശേഷം വലിയ വിമാനങ്ങളിറങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാടും.

 

റിപ്പോര്‍ട്ട് പഠിക്കാനും വിമാനത്താവളത്തിലെ ന്യൂനതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും മന്ത്രാലയം വ്യോമയാന സെക്രട്ടറി പ്രദീപ് കുമാര്‍ ഖരോല അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പൈലറ്റിന്റെ പാളിച്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നു പറയുന്നുണ്ട്. എന്നാല്‍, റണ്‍വേയുടെ വീതിയും നീളവും ഉള്‍പ്പെടെയുള്ളവ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ പറ്റിയതല്ല എന്ന സൂചനയുമുണ്ട്.

 

 

 

OTHER SECTIONS