ക്ഷേത്രപ്രവേശന വിളംബരം കേരളീയനവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഏട്.

By online desk.12 11 2019

imran-azhar

 

 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന ഒരു പൂര്‍വ്വകാല ചരിത്രം തിരുവിതാംകൂറിനുണ്ടായിരുന്നു. പൊതു വഴികളും പൊതുക്കിണറുകളും പൊതു ഇടങ്ങളും നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക വിഭാഗങ്ങള്‍ ദൃഷ്ടിയില്‍ പെട്ടാല്‍ പോലും ദോഷമാണെന്ന് കരുതിയിരുന്നു സവര്‍ണ്ണ വിഭാഗക്കാര്‍. ഇത്തരത്തില്‍ ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ദുരാചാരങ്ങളില്‍ പ്രഥമ സ്ഥാനത്തായിരുന്നു അയിത്താചരണം. അതിന്റെ ഭാഗമായി അയിത്ത ജനവിഭാഗത്തില്‍പെട്ടവര്‍ വീടിനു പുറത്തേയ്ക്ക് പോവുകയാണെങ്കില്‍ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കണമായിരുന്നു . ആ സമയം അതുവഴി കടന്നുവരുന്ന മേല്‍ ജാതിയില്‍പ്പെട്ടവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അബദ്ധവശാല്‍ അവരുടെ മുമ്പില്‍ പെട്ടുപോയാല്‍ ക്രൂരമര്‍ദ്ദനമായിരുന്നു ശിക്ഷ. എന്നാല്‍ ഇതൊക്കെ ദൈവഹിതമാണെന്നും ചോദ്യം ചെയ്യാനും ലംഘിക്കാനും പാടില്ലാത്ത മതാചാരം ആണെന്നും വിശ്വസിച്ചിരുന്നു കീഴാളര്‍. എന്നാല്‍ പുരോഗമന- നവോത്ഥാന ചിന്താഗതിക്കാര്‍ പരിതാപകരമായ ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ഉറച്ച ലക്ഷ്യത്തോടെ രംഗത്തുവന്നു. 1924 ല്‍ ആരംഭിച്ച വൈക്കം സത്യാഗ്രഹം, ക്ഷേത്രത്തിലേയ്ക്കുള്ള പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിഭാഗങ്ങള്‍ നടത്തിയ ആദ്യ സമരമായിരുന്നു . കോണ്‍ഗ്രസ് നേതാവായ ടി കെ മാധവനൊപ്പം മന്നത്തുപത്മനാഭനും നേതൃത്വം നല്‍കിയ ആ ഐതിഹാസിക സമരം 603 ദിവസങ്ങള്‍ക്കുശേഷം വിജയം കണ്ടു. അവര്‍ണ്ണര്‍ക്ക് മുമ്പില്‍ പൊതുവഴികള്‍ തുറക്കപ്പെട്ടു. എന്നാല്‍ അപ്പോഴും ക്ഷേത്രപ്രവേശനം എന്നത് ഒരു വിദൂര സ്വപ്നമായി നിലകൊണ്ടു. ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠയും വൈക്കം സത്യാഗ്രഹം പകര്‍ന്നുനല്‍കിയ ആവേശവും കെടാതെ സൂക്ഷിച്ച പുരോഗമന ചിന്താഗതിക്കാര്‍ ജാതിഭേദമില്ലാതെ സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. സമരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് തുടക്കത്തില്‍തന്നെ ഇതേക്കുറിച്ച് പഠിക്കാന്‍ ആ കാലയളവില്‍ ദിവാനായിരുന്ന വി .എസ് .സുബ്രഹ്മണ്യ അയ്യര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സമിതിയെ നിയോഗിച്ചുവെങ്കിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതികൂല റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഹിന്ദുമതത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള അനീതി എന്ന് തിരിച്ചറിഞ്ഞ ക്രിസ്ത്യന്‍ മിഷനറിമാര്‍ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന അവശ ജനവിഭാഗങ്ങള്‍ക്ക് പ്രവേശനം നല്‍കി. ഇത് മതപരിവര്‍ത്തനം ചെയ്യാന്‍ ഈ വിഭാഗങ്ങളെ പ്രേരിപ്പിച്ചു. എന്തായാലും തുടര്‍ന്ന് ദിവാന്‍ പദവിയിലെത്തിയ സര്‍ സി പി രാമസ്വാമിഅയ്യരുടെ പ്രേരണയും ഉപദേശവും ഫലം കണ്ടു. അങ്ങനെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 1936 നവംബര്‍ 12ന് ചരിത്രപ്രസിദ്ധമായ വിളംബരം പുറപ്പെടുവിച്ചു. ഒരുകാലത്ത് തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്നുവെങ്കിലും ഇന്ന് പട്ടികജാതി വിഭാഗക്കാരായ ശാന്തിമാര്‍ പൂജ ചെയ്യുന്ന നിരവധി ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും അല്ലാതെയും ഉണ്ടെന്ന കാര്യത്തില്‍ വര്‍ത്തമാന കേരളത്തിന് അഭിമാനിക്കാം. ഈ നവോത്ഥാനമുന്നേറ്റം തുടരുക തന്നെ വേണം.

 

OTHER SECTIONS