കെ. എസ്. ആര്‍ ടി സി ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചവര്‍ താക്കോലുമായി കടന്നു

By Sarath Surendran.18 10 2018

imran-azhar

 


കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ കയറി ഡ്രൈവറെ മര്‍ദിച്ചു താക്കോല്‍ എടുത്തു കൊണ്ടു പോയി. യാത്രക്കാര്‍ പെരുവഴിയിലായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കലൂരിലാണു സംഭവം.

 

കെഎസ്ആര്‍ടിസി പാല കൊന്നക്കാട് ബസിലെ ഡ്രൈവര്‍ സാജു ചാക്കോയെയാണു കാറിലെത്തിയ രണ്ടു പേര്‍ മര്‍ദിച്ചത്. കലൂര്‍ ബസ് സ്റ്റാന്‍ഡിലേക്കു തിരിയുന്നതിനിടയില്‍ ബസിന്റെ പുറകുവശം കാറില്‍ തട്ടിയിരുന്നു. ബസ് സ്റ്റാന്‍ഡിനുളളില്‍ നിര്‍ത്തുന്നതിനിടയില്‍ കാറിലെ ഡ്രൈവറും സഹയാത്രക്കാരനും ബസിനുളളില്‍ കയറി ഡ്രൈവറെ മര്‍ദിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും വയറില്‍ ഇടിക്കുകയും ചെയ്തു.

 


കണ്ടക്ടര്‍ അനൂപും യാത്രക്കാരും എത്തിയപ്പോള്‍ ഇവര്‍ ബസിന്റെ താക്കോലുമായി കടന്നു കളഞ്ഞു. കറുത്ത ടീ ഷര്‍ട്ട് ധരിച്ച ഒരാളും വെളള ഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണു ഡ്രൈവറെ മര്‍ദിച്ചതെന്നു അനൂപ് പറഞ്ഞു. എറണാകുളത്തു നിന്നു മറ്റൊരു ഡ്രൈവറെ എത്തിച്ചാണു പിന്നീട് സര്‍വീസ് തുടര്‍ന്നത്.

 

പറഞ്ഞാല്‍ തീരാവുന്ന പ്രശ്നത്തിനാണ് തന്നെ ആക്രമിച്ചതെന്ന് ഡ്രൈവര്‍ സാജു പറഞ്ഞു. രണ്ടു മണിക്കൂറോളം യാത്ര മുടങ്ങിയത് യാത്രക്കാരെ വലച്ചു. സ്ത്രീകളും കുട്ടികളുമടക്കം ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. ഹ്രസ്വദൂര യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു.  കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

OTHER SECTIONS