കെഎസ്ആര്‍ടിസിയിലെ കൂട്ട പിരിച്ചുവിടല്‍: 1655 ഡ്രൈവർമാർ പടിയിറങ്ങും

By Online Desk .29 06 2019

imran-azhar

 

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 1655 താത്കാലിക ഡ്രൈവര്‍മാരെ ഇന്ന് പിരിച്ചുവിടും. സിഎംഡി ഇന്ന് ഉത്തരവ് നല്‍കും. ഇതോടെ 400ലധികം സര്‍വീസുകള്‍ മുടങ്ങും. സര്‍വീസുകള്‍ മുടങ്ങുന്നത് സര്‍വീസുകളെ സാരമായി ബാധിക്കും. ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സര്‍വീസുകളെയും ബാധിക്കും. സ്വകാര്യ അന്തര്‍സംസ്ഥാന ബസുകള്‍ക്ക് ബദലായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് ഈ പിരിച്ചുവിടല്‍. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീംകോടതി ഉത്തരവിനെതിരെ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വാദം കേള്‍ക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നു.


ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെയും പെയിന്റര്‍മാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇന്നോ നാളെയോ ഇവര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും. 1565 ഡ്രൈവര്‍മാരേയും 90 പെയിന്റര്‍മാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത. വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പുകളിലെ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടേണ്ടി വരും. ഇതോടെ അറ്റകുറ്റപ്പണികളും മുടങ്ങും. അടുത്തിടെ നിരത്തിലിറക്കിയ ഇ-ബസുകള്‍ അടക്കം നിരവധി ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളിലും ഡിപ്പോകളിലുമാണ്. പ്രമുഖ കമ്പനികളുടെ ബസുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി കമ്പനികള്‍ ട്രെയിനിംഗ് നല്‍കിയ മെക്കാനിക്കുകളും പിരിച്ചുവിടുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത് ലോ ഫ്‌ളോര്‍ സര്‍വീസുകള്‍ അടക്കമുള്ള പ്രീമിയം സര്‍വീസുകളെ ബാധിക്കും. കടക്കെണിയില്‍ വീര്‍പ്പുമുട്ടിയിരുന്ന കെഎസ്ആര്‍ടിസി അടുത്തിടെയാണ് വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. അന്തര്‍സംസ്ഥാന റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ സമരം കൂടിയായപ്പോള്‍ കോര്‍പ്പറേഷന്റെ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും കൂടി. ഇതിനിടെ ജീവനക്കാരുടെ പിരിച്ചുവിടല്‍ കോര്‍പ്പറേഷന് ഇരുട്ടടിയായി മാറും.

 

ഈമാസം 30നാണ് എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള അവസാന തിയതി. 1650 എംപാനല്‍ ഡ്രൈവര്‍മാരെയും ഏപ്രില്‍ 30നകം പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നുമായിരുന്നു ഉത്തരവ്. ഈ തീരുമാനം ഉടന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാല്‍ അവിടെ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. അതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കോര്‍പ്പറേഷന് ഈമാസം 30വരെ സാവകാശം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്കു പകരം ആള്‍ക്കാരെ നിയമിക്കാന്‍ പി.എസ്.സിയില്‍ റാങ്ക് ലിസ്റ്റ് നിലവിലില്ല. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് കോടതിയെ സമീപിച്ചതും. ഇവരെ എംപാനല്‍ ഡ്രൈവര്‍മാരായി എടുക്കാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനം. കാലാവധി അവസാനിച്ച ലിസ്റ്റിലെ ഡ്രൈവര്‍മാരെ എംപാനല്‍ ജീവനക്കാരായി നിയമിക്കുമെന്ന് കോര്‍പ്പറേഷന്‍ 2019 ജൂണ്‍ ആറിന് ഉത്തരവിറക്കിയിരുന്നു. താത്പര്യമുള്ളവര്‍ അതത് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെടണമെന്നായിരുന്നു ഉത്തരവ്. അതനുസരിച്ച് പത്തുപേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരെ ഇതുവരെ നിയമിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പുതുതായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ സാധിക്കില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

 

2015ല്‍ കാലാവധി അവസാനിച്ച റാങ്ക് ഹോള്‍ഡേഴ്‌സാണ് ഹൈക്കോടതിയെ സമീപിച്ചത്. കാലാവധി അവസാനിച്ചവരാണ് ഇവരെന്നും പുതിയ ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി വിളിക്കുന്നതുവരെ ഇവരെ തുടരാന്‍ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. അങ്ങനെയെങ്കില്‍ പഴയ ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

OTHER SECTIONS