കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന് തുടക്കമായി; ആശങ്ക വേണ്ട, താത്കാലിക സംവിധാനമെന്ന് മന്ത്രിമാരും എംഡിയും

By Rajesh Kumar.26 02 2021

imran-azhar

 

 തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുത്തന്‍ ഉണര്‍വേകി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനു തുടക്കമായി. ആനയറയിലെ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ഹെഡ്കോര്‍ട്ടേഴ്സ്, സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

 

കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ്, കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്വിഫ്റ്റ്.

 

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍. അതിന് തൊഴിലാളികള്‍ അടക്കമുള്ളവരുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

 

നിലവിലെ കെഎസ്ആര്‍ടിസിക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് രൂപീകരിച്ചത്. സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസിയുടെ ലാഭ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

 

തൊഴിലാളികളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പത്തു വര്‍ഷത്തിലധികം ജോലി നോക്കിയിരുന്നവരെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ആധുനികവത്കരിക്കുന്നതോടൊപ്പം ജീവനക്കാരെ കൂടി സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

ദീര്‍ഘനാളത്തെ ആഗ്രഹമാണ് ആനയറയിലെ ബസ് ടെര്‍മിനല്‍ തുറന്നതിലൂടെ സാക്ഷാത്കരിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സര്‍ക്കാരിന്റെ നെടുംതൂണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിവ് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

 

3600 കോടിരൂപയുടെ വായ്പാബാധ്യതയുള്ള സ്ഥാപനത്തിന് കടം നല്‍കാന്‍ ആരും തയ്യാറാകില്ല. ആ സാഹചര്യത്തില്‍ താല്‍കാലിക സംവിധാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ലോഗോയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.

 

കെഎസ്ആര്‍ടിസിയും, കെഎസ്ആര്‍ടിസി സ്വിഫ്റ്റും വ്യത്യാസമില്ല. എന്നാല്‍ നിയമപരമായി ഇത് വേര്‍പെട്ട് നില്‍ക്കുന്നുണ്ടെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് പറഞ്ഞു. കെഎസ്ആര്‍ടിസിയെ ആശ്രയിക്കാതെ കെഎസ്ആര്‍ടിസി - സ്വിഫ്റ്റിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ല.

 

പുതിയ സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്ന് എറണാകുളം വഴിയും കോട്ടയം വഴിയും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. ദേശീയപാത വഴി 96 സര്‍വ്വീസുകളും എം.സി റോഡ് വഴി 40 സര്‍വ്വീസുകളുമാണ് നടത്തുന്നത്. ഇതിന് 200 ഓളം ജീവനക്കാര്‍ വേണ്ടി വരും.

 

കോഴിക്കോട് ക്രൂ ചെയിഞ്ചിംഗ് ഉണ്ടാകുന്ന സാഹചര്യത്തില്‍ അവിടെയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും സിഎംഡി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ 94 ബസ് സ്റ്റേഷനുകളിലും ജീവനക്കാരുടേയും യാത്രാക്കാരുടേയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

തമ്പാനൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്ന ദീര്‍ഘ ദൂര ബസുകള്‍ ഇനി മുതല്‍ ആനയറ വഴിയും വിമാനത്തിന്റെ സമയക്രമം അനുസരിച്ച് വിമാനത്താവളം വഴിയും സര്‍വ്വീസ് നടത്തും. എന്നാല്‍, എംസി റോഡ് വഴി പോകുന്ന ബസുകള്‍ ആനയറ- ആക്കുളം- ഉള്ളൂര്‍- കേശവദാസപുരം, വെഞ്ഞാറമൂട് വഴിയും, ആനയറ- കഴക്കൂട്ടം- വെട്ടുറോഡ്, വെഞ്ഞാറമൂട് വഴിയും സര്‍വ്വീസ് ഉണ്ടാകും.

 

പാപ്പനംകോട് നിന്നും പുറപ്പെടുന്ന ബസുകള്‍ പാപ്പനംകോട്- തമ്പാനൂര്‍ - ബേക്കറി- പാളയം, കേശവദാസപുരം വഴിയും സര്‍വ്വീസ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചു.

 

ചടങ്ങില്‍ നാറ്റ്പാക്ക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

OTHER SECTIONS