വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചാല്‍ തടയുമെന്ന് കെ.എസ്.യു

By Anju N P.19 12 2018

imran-azhar

കോഴിക്കോട്: വനിതാ മതിലില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് കെഎസ്യു.ഡിസിസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ എം അഭിജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

സംഘപരിവാര്‍ ആശയങ്ങളും സി പി സുഗതനെ പോലുള്ളവര്‍ നേതൃത്വം നല്‍കുന്നതുമായ വര്‍ഗീയ മതിലിലില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ സംഘടനാപരമായും നിയമപരമായും നേരിടുമെന്നും അഭിജിത്ത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

 

വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ അതാതു വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബസുകള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ടിഒ മാര്‍ക്കും ഫോണ്‍ വഴി നിര്‍ദ്ദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ബസ്സുകള്‍ തടയുകയും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യും. കെഎസ്യു സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സമരപരിപാടികള്‍ തീരുമാനിക്കും.

 

ജെസ്നയുടെ തിരോധാനത്തിനു ഒരു മറുപടിയും പറയാന്‍ കഴിയാത്ത സര്‍ക്കാരാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത്. സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിന് നീതി നല്‍കാന്‍ സര്‍ക്കാരിന് ഇന്നേ വരെ കഴിഞ്ഞിട്ടില്ല, അഭിജിത്ത് പറഞ്ഞു. കൂടാതെ, ബന്ധു നിയമനത്തില്‍ കെ.ടി ജലീലിനെ പുറത്താക്കണമെന്നും. സ്വജനപക്ഷപാതത്തിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ നടപടിയെടുക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

 

OTHER SECTIONS