കുല്‍ഭൂഷണ്‍ ജാധവിനെ ഐഎസ്ഐ തട്ടിക്കൊണ്ട് പോയത്; പുതിയ വെളിപ്പെടുത്തലുമായി ബലൂച് നേതാവ്‌

By Anju N P.19 Jan, 2018

imran-azhar

 

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവ് നിരപരാധിയെന്ന് തെളിയിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ബലൂച് നേതാവ് രംഗത്ത്. കുല്‍ഭുഷണ്‍ ജാധവിനെ പാക് ചാര സംഘടനയായ ഐഎസ്ഐ തട്ടിക്കൊണ്ട് പോയതാണെന്ന് ബലൂചിസ്താന്‍ സാമൂഹ്യ പ്രവര്‍ത്തകനായ മമ ഖാദിര്‍ ബലോച് വെളിപ്പെടുത്തി . കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മുല്ല ഉമര്‍ ബലോച് ഇറാനി എന്നയാള്‍ക്ക് പങ്കുണ്ടെന്നും ഐഎസ്ഐയ്ക്കു വേണ്ടി ഇയാളാണ് ഇറാനിലെ ഛബ്രഹാര്‍ തുറമുഖ പരിസരത്തുനിന്ന് കുല്‍ഭൂഷണെ തട്ടിക്കൊണ്ട് പോയതെന്നും ഖാദിര്‍ ബലോച് പറഞ്ഞു.

 

ബലൂചിസ്താനില്‍ വലിയ സ്വാധീനമുള്ള വോയ്സ് ഫോര്‍ മിസ്സിങ് ബലൂച്സ് എന്ന സംഘടനാശൃംഖലയുടെ നേതാവാണ് ഖാദിര്‍ ബലോച്. ഈ സംഘടനയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് ഐഎസ്ഐ ജാധവിനെ തട്ടിയെടുക്കുകയാണെന്നാണു വെളിപ്പെടുത്തല്‍ ഇദ്ദേഹം നടത്തിയത്. ബലൂച് പ്രക്ഷോഭകരെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ഐഎസ്ഐയെ സഹായിക്കുന്നയാളാണു മുല്ല ഒമറെന്നും അദ്ദേഹം പറയുന്നു. കുല്‍ഭൂഷനെ എത്തിച്ച് നല്‍കിയതിന് ഐഎസ്ഐ ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്നും ഖാദിര്‍ ബലോച് പറയുന്നു. സിഎന്‍എന്‍-ന്യൂസ്18 യോടാണ് ഇദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.

 

തട്ടിക്കൊണ്ടുപോകാനായി കുല്‍ഭൂഷന്റെ കൈകള്‍ കെട്ടി, കണ്ണുമൂടിക്കെട്ടി വാടകയ്ക്കെടുത്ത ഡബിള്‍ ഡോര്‍ കാറിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് ഛബ്രഹാറില്‍നിന്ന് ഇറാന്‍- ബലൂചിസ്താന്‍ അതിര്‍ത്തിയായ മാഷ്‌കെലിലെത്തിച്ചു. അവിടെനിന്നു പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലും പിന്നീട് ഇസ്ലാമാബാദിലും എത്തിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ജാദവിനെ ബലുചിസ്താനില്‍ നിന്ന് അറസ്റ്റുചെയ്തുവെന്ന് ഐഎസ്ഐയുടെ വാദം തെറ്റാണെന്നും അദ്ദേഹം ഒരിക്കലും ബലൂചിസ്താനില്‍ എത്തിയിരുന്നില്ലെന്നും ഖാദിര്‍ ബലൂച് പറയുന്നു.

 

ഇറാനിലെ വ്യാപാരി എന്ന നിലയ്ക്കു കുല്‍ഭൂഷന്‍ ജാദവിനെ അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ബലൂചിസ്താനില്‍ ആരൊക്കെ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുന്നുവെന്നും ഐഎസ്ഐ അറിയാറുണ്ട്. എല്ലായിടത്തും ചെക്ക്പോസ്റ്റുകളുണ്ട്. ഒരു വിദേശിക്കുപോലും ഐഎസ്ഐയുടെ അറിവില്ലാതെ അവിടെ എത്താനാവില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആവശ്യപ്പെട്ടാല്‍ ജാധവിനുവേണ്ടി നിയമസഹായം നല്‍കാന്‍ 'വോയ്സ് ഓഫ് മിസ്സിങ് ബലൂച്' തയാറാണെന്നും സാക്ഷികളെ അടക്കം ഹാജരാക്കാമെന്നും വ്യക്തമാക്കി.

 

ബലൂച് പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ഐഎസ്ഐയെ സഹായിക്കുന്നയാളാണ് മുല്ല ഉമര്‍ ബലോച് ഇറാനി. ഇയാളെ കൊലപ്പെടുത്താന്‍ ബലൂച് പ്രക്ഷോഭകര്‍ മൂന്നുതവണയോളം ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കറാച്ചിയിലാണ് താമസമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുവരെ 45,000 ത്തോളം ബലൂച് പ്രക്ഷോഭകരെ ഐഎസ്ഐ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും, തന്റെ മകനെയും അവര്‍ തട്ടിക്കൊണ്ട് പോയിരുന്നതായും ഖാദിര്‍ ബലൂചി പറയുന്നു. 2009 ലായിരുന്നു ഇത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ മൃതദേഹമാണു ഞങ്ങള്‍ക്കു ലഭിച്ചതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS