കുട്ടനാട്ടിൽ ജോസ്-ജോസഫ് പോര്

By online desk.29 01 2020

imran-azhar

 


തിരുവനന്തപുരം: കുട്ടനാട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി ജോസ് കെ മാണി പക്ഷം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മുൻകൂട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ജോസഫിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ മാണിയും കൂട്ടരും രംഗത്തുള്ളത്. ജോസഫിന് സീറ്റ് വിട്ടുകൊടുക്കാൻ തയാറല്ലെന്നാണ് ജോസ് പക്ഷo പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് എം ഗ്രൂപ്പുകാരനായ പ്രൊഫ.ഷാജു കണ്ടക്കുടി, ജില്ലാ പഞ്ചായത്തoഗം ബിനു എലിസബത്ത് രാജു എന്നിവരുടെ പേരുകളാണ് മാണി ഗ്രൂപ്പുകാർ സജീവമായി പരിഗണിക്കുന്നത്. എന്നാൽ പ്രഖ്യാപനം തിരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രമേ ഉണ്ടാകുവെന്നാണ് ജോസ് പക്ഷത്തുള്ളവർ പറയുന്നത്. ഒരു കാരണവശാലും ജോസഫിന് കുട്ടനാട് സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് പക്ഷം കലാകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെയാണ് ജോസഫ് പക്ഷo സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയത്. ജോസഫുo ജോസും അനുനയ ചർച്ചയ്ക്കു തയ്യാറായില്ലെങ്കിൽ സീറ്റ് ജോണി നെല്ലൂരിന്‌ നൽകാൻ കോൺഗ്രസ് നീക്കം നടത്തിയിരുന്നു. എന്നാൽ അതൊന്നും നടക്കില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. നിലവിൽ ജോസഫിനെ അനുനയിപ്പിക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ജോസ് പക്ഷം പറയുന്നു.

 

എന്നാൽ കഴിഞ്ഞ വർഷം മത്സരിച്ച ജേക്കബ് എബ്രഹാമിന്റെ പേരിനു മുൻ‌തൂക്കം നൽകുന്നുവെന്നും അദ്ദേഹത്തിന് ജയ സാധ്യതയുണ്ടെന്നുമാണ് പി ജി ജോസഫ് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ തർക്കം ഉണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു. യുഡിഎഫിനു ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ. ജോസ് പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും വരുകയെന്നുo ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂകിവിളികൾ ഉണ്ടാകുകയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫ് ധാരണ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ജോസഫ് പറഞ്ഞു.

 


എൻസിപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണയും വിജയം തങ്ങൾക്കാണെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. എന്നാൽ യുഡിഎഫിലെ ജോസ്-ജോസഫ് പക്ഷത്തെ പ്രശ്നങ്ങൾ മുതലെടുക്കാനുള്ള നീക്കത്തിലാണ് ബിഡിജെഎസ്. 2016-ൽ നടന്ന തെരെഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി സുഭാഷ് വാസു മത്സരിച്ചിരുന്നു. അന്ന് 33044 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ടായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയാണ് അന്ന് അവിടെ വിജയിച്ചത്.

 


കേരളാ കോൺഗ്രസിൻറെ അഡ്വ. ജേക്കബ് എബ്രഹാം രണ്ടാമതായെത്തി. കേരളാ കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു കുട്ടനാട്. തോമസ് ചാണ്ടിയുടെ വരവോടെയാണ് എൻസിപിക്ക് കുട്ടനാട്ടിൽ വിജയിക്കാനായത്.ഇത്തവണ ഒരു അട്ടിമറി വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ് നേതാവ് സുഭാഷ് വാസു. എസ്എൻഡിപിയിൽ നിന്നും ബിഡിജെഎസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. എന്നാൽ ബിഡിജെഎസ് താനാണെന്നും തന്നെ പുറത്താക്കാൻ തുഷാറിനാകില്ലെന്നും കുട്ടനാട്ടിയിൽ ബിഡിജെഎസിനു ശക്തനായ സ്ഥാനാർത്ഥിയുണ്ടാകുമെന്നും സുഭാഷ് വാസു കലാകൗമുദിയോട് പറഞ്ഞു.

 

 

OTHER SECTIONS