കുട്ടനാട് സീറ്റ്: യു.ഡി.എഫ് സമാവായ ചര്‍ച്ച നാളെ

By online desk .28 02 2020

imran-azhar

 

 

തിരുവനന്തപുരം: കുട്ടനാട് സീറ്റില്‍ മത്സരിക്കുന്നതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ്സ് പി.ജെ. ജോസഫ് വിഭാഗവും, ജോസ് കെ. മാണി വിഭാഗവും നടത്തുന്ന പോര്‍വിളികള്‍ക്ക് ശമനമുണ്ടാക്കാന്‍ നാളെ യു.ഡി.എഫ് സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഇരു വിഭാഗങ്ങളും സമാധാനപരമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍, പരസ്പരം പോരടിക്കുമെങ്കിലും കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ പി.ജെ. ജോസഫോ ജോസ് കെ. മാണിയോ തയ്യാറാകില്ല. അതേസമയം, കുട്ടനാട് സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പി.ജെ.ജോസഫ്.

 

 

കുട്ടനാട് സീറ്റിനായി ജോസ് കെ. മാണി ഉന്നയിക്കുന്ന വാദം ബാലിശമാണ്. വിഷയത്തില്‍ തങ്ങളുമായി ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്. തങ്ങളോട് മാത്രമാകും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുക. സീറ്റ് വച്ചുമാറേണ്ട സ്ഥിതിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയായി ഉണ്ടാകുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. അതേസമയം, സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ ജോസ് വിഭാഗം കുട്ടനാട്ടില്‍ പ്രത്യേക ഉപസമിതി യോഗം ചേര്‍ന്നു. സീറ്റ് വെച്ചു മാറാന്‍ തയ്യാറല്ലെന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കി. തമ്മിലടിച്ച് പാലാ ആവര്‍ത്തിക്കരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തോടും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സ് ആലോചിക്കുന്നത്.

 

 

എന്നാല്‍ ജോസ് കെ. മാണി വിഭാഗം സീറ്റ് തങ്ങളുടേതാണെന്ന അവകാശവാദവുമായി മുന്നോട്ട് പോവുകയാണ്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രത്യേക ഉപസമിതി യോഗം കുട്ടനാട്ടില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് അധ്യാപകന്‍ ഷാജോ കണ്ടകുടി, ജില്ലാപഞ്ചായത്തംഗം ബിനു ഐസക്ക് രാജു എന്നിവരെ സ്ഥാനാര്‍ത്ഥി പരിഗണനയ്ക്കായി ഹൈപ്പവര്‍ കമ്മിറ്റിക്ക് വിട്ടു. അതേ സമയം കൂട്ടനാട് സീറ്റ് സംബന്ധിച്ച് ആശങ്കയില്ലെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇരുവിഭാഗവുമായി കോണ്‍ഗ്രസ് പ്രത്യേകം ചര്‍ച്ച നടത്തും. വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

OTHER SECTIONS