വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍; പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യത

By Amritha AU.31 Mar, 2018

imran-azhar


കുവൈറ്റ്: വീട്ടുജോലിക്കാരിയായ ജോന്ന ഡനീല ഡെമാഫില്‍സ എന്ന യുവതിയെ കൊന്ന് അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ സൂക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫും ഭാര്യ സിറിയന്‍ സ്വദേശിയായ മോണ ഹാസൂണും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നും വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസമാണ് പ്രതി കസ്റ്റഡിയില്‍ ആയ വിവരം ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്.2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈറ്റിലെ അപാര്‍ട്ട്‌മെന്റിലെ ഫ്രീസറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പ് കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു.

ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് നിരപരാധിയെന്നാണ് അദ്ദേഹത്തിന്റെ മാതാവിന്റെ വിശദീകരണം. മകന്‍ ഉത്തരവാദിത്തമുള്ള നല്ലൊരു പുരുഷനാണെന്നും അവന്റെ ഭാര്യ വീട്ടുജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നത് താന്‍ കണ്ടിരുന്നെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടുജോലിക്കാരിയെ ഇഷ്ടമല്ലെങ്കില്‍ പറഞ്ഞുവിടാന്‍ മരുമകളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് കേള്‍ക്കാന്‍ അവള്‍ തയാറായില്ല. ക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് കുവൈറ്റില്‍ നിന്ന് മടങ്ങിയതെന്നും നാദിറിന്റെ മാതാവ് പറഞ്ഞിരുന്നു.