പുല്‍വാമയില്‍ ഭീകരാക്രമണം; ഛത്തീസ്ഗഞില്‍ നിന്നുള്ള തൊഴിലാളിയെ വധിച്ചു

By mathew.16 10 2019

imran-azharശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നെത്തിയ തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. രാജസ്ഥാനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍ രണ്ട് ദിവസം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു.

സംസ്ഥാനത്തിന് പുറത്ത് നിന്ന് കശ്മീരിലേക്കെത്തുന്ന തൊഴിലാളികളെ ഭീകരര്‍ ലക്ഷ്യംവെക്കുന്നുവെന്നതിന്റെ സൂചനയാണ് കൊലപാതകങ്ങള്‍. വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

കശ്മീരില്‍ നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിന്റെ നിരാശയിലാകാം കഴിഞ്ഞ തിങ്കളാഴ്ച ട്രക്ക് ഡ്രൈവറെ ഭീകരര്‍ വധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ, കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് വരരുതെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് ശേഷം താഴ്വരിയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്. സൈന്യം വധിച്ച മൂന്ന് ഭീകരരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

OTHER SECTIONS