മദ്യപിച്ചെത്തിയ യുവാവ് സ്വകാര്യ ബസില്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി യുവതി

By mathew.21 08 2019

imran-azhar

 

തിരുവനന്തപുരം: സ്വകാര്യ ബസ് യാത്രയ്ക്കിടെ മദ്യപിച്ചെത്തിയ യുവാവ് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിക്കാണ് സ്വകാര്യ ബസില്‍ വെച്ച് ദുരനുഭവമുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തൃപ്രയാര്‍ സ്വദേശിനിയായ യുവതി തിരുവനന്തപുരത്ത് നിന്ന് പി.ജി ട്രാവല്‍സ് എന്ന ബസില്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍, ആലപ്പുഴയില്‍ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യുവതി പറയുന്നു. ശല്യം തുടര്‍ന്നതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തിയിട്ടും ശല്യം തുടര്‍ന്നു. ഒടുവില്‍ ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള യാത്രയില്‍ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്താത്തതിനുമെതിരെ നടപടി വേണമെന്നും യുവതി ആവശ്യപ്പെട്ടു.

OTHER SECTIONS