ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നഗരസഭാ കൗണ്‍സില്‍

By mathew.16 07 2019

imran-azhar


ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഗരസഭാ കൗണ്‍സില്‍. സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് നല്‍കിയ നികുതിയിളവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ നിലപാട്. നഗരസഭാ നിശ്ചയിച്ച നികുതിയില്‍ നിന്നും ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയ ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സില്‍ യോഗം ഇത് ശുപാര്‍ശ ചെയ്യും. അതേസമയം, ഭരണസമിതി തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍.

ചട്ടലംഘനത്തിന്റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്റെ അടിസ്ഥാന്തതില്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമ വിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കഴിഞ്ഞമാസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തത്.

 

OTHER SECTIONS