അന്താരാഷ്ട്ര മര്യാദ മറന്ന ബി ജി ബി

By Online Desk.19 10 2019

imran-azhar

 

 

ഗംഗയുടെ പ്രധാന കൈവഴിയായ പദ്മാ നദിയില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു ഇന്ത്യന്‍ പൗരന്മാരായ മൂന്നു ഗ്രാമവാസികള്‍. അവരെ ബംഗ്ലാദേശി അതിര്‍ത്തി സംരക്ഷണ സേനയായ ബി ജി ബി (ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ്) തടഞ്ഞു വച്ച് ചോദ്യം ചെയ്തു. പിന്നീട് ഒരാളെ തടഞ്ഞുവച്ച് രണ്ടുപേരെ തിരിച്ചയക്കുന്നു. തടവിലുള്ളയാളെ വിടണമെങ്കില്‍ ബിഎസ്എഫ് സൈനികരോട് ഫ്‌ളാഗ് മീറ്റിംഗിന് വരാന്‍ വേണ്ടി വിട്ടയച്ചവരുടെ കൈവശം സന്ദേശം കൊടുത്തയച്ചു ബി ജി ബി. പദ്മ നദിയിലെ ഹില്‍സ മത്സ്യങ്ങളെപ്പിടിക്കാന്‍ രണ്ടു രാജ്യങ്ങളിലെയും പാവപ്പെട്ട ഗ്രാമീണര്‍ സ്ഥിരമായി പോവുകയും ഇടയ്ക്കിടെ എതിര്‍രാജ്യത്തിന്റെ പിടിയില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ സ്ഥിരമായി നടത്താറുള്ള ഒന്നാണ് ഈ ഫ്‌ളാഗ് മീറ്റിംഗ് എന്ന അനുനയസംഭാഷണം.


ഫ്‌ളാഗ് മീറ്റിംഗ് എന്നത് രാജ്യാന്തര അതിര്‍ത്തികളില്‍ സ്ഥിരമായി നടക്കുന്ന ഒരു അഭ്യാസക്രമമാണ്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സൈനികര്‍ക്കിടയില്‍ ഉടലെടുക്കുന്ന ക്രമസമാധാന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നതാണ് ഒരു ഫ്‌ളാഗ് മീറ്റിംഗിന്റെ ഉദ്ദേശ്യം. ഇരു പക്ഷത്തേയും ഒരു സംഘം ആളുകള്‍ അതിര്‍ത്തിക്കടുത്തുള്ള ഏതെങ്കിലും ഒരിടത്തു വച്ച് യോഗം ചേരും. ഇരുപക്ഷത്തു നിന്നും ഓരോ സൈനികര്‍ സമാധാന സൂചകമായി ഒരു കൊടിയും പിടിച്ചുകൊണ്ട് നടന്നുചെല്ലുന്നതുകൊണ്ടാണ് ഇതിന് ഫ്‌ളാഗ് മീറ്റിംഗ് എന്ന് പേര്‍ വിളിക്കുന്നത്. യാതൊരു തരത്തിലുള്ള പ്രകോപനങ്ങളോ, അക്രമണങ്ങളോ ഒന്നും തന്നെ ഈ ഫ്‌ളാഗ് മീറ്റിംഗുകളില്‍ പാടില്ല എന്നതാണ് പരസ്പര ധാരണ. ഏതെങ്കിലും ഒരു രാജ്യത്തിന്റെ മണ്ണിലോ, അല്ലെങ്കില്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള 'നോ മാന്‍സ് ലാന്‍ഡി'ലോ ഒക്കെ വച്ച് ഫ്‌ളാഗ് മീറ്റിംഗുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്.


ബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്. കാക്മാരിചാറിലുളള ബിഎസ്എഫ് പോസ്റ്റില്‍ ചെന്നാണ് ആ മീന്‍പിടിത്തക്കാര്‍ ബിഎസ്എഫുകാരെ സഹായത്തിനായി വിളിച്ചുകൊണ്ടുപോകുന്നത്. രാവിലെ പത്തരയോടെ ഒരു ബോട്ടില്‍ പദ്മ നദിയിലൂടെ 117 ബറ്റാലിയന്റെ പോസ്റ്റ്് കമാണ്ടര്‍, ഒരു സബ് ഇന്‍സ്പെക്ടര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന ആറംഗപാര്‍ട്ടിയാണ് സന്ധിസംഭാഷണത്തിനായി ബിജിബി വിളിച്ചിടത്തേക്ക് ചെന്നത്. എന്നാല്‍, അവിടെ ചെന്നപ്പോള്‍ സംസാരം തര്‍ക്കങ്ങളിലേക്ക് കടന്നു എന്നും എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ബിജിബി ഭട•ാര്‍ വളഞ്ഞു നിന്ന് ഭീഷണിപ്പെടുത്തുകയും ബിഎസ്എഫുകാരെ തടഞ്ഞു വയ്ക്കാന്‍ നോക്കുകയും ചെയ്യുകയായിരുന്നു.


സാഹചര്യം വഷളാകുന്നത് കണ്ടപ്പോള്‍ ബിഎസ്എഫ് പാര്‍ട്ടി അവിടെ നിന്ന് തിരികെ നടന്നു. ബോട്ടില്‍ കയറി തിരിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് പോരുന്നതിനിടെ പിന്നില്‍ നിന്ന് അപ്രതീക്ഷിതവും തികച്ചും അപ്രകോപിതവുമായി ബിജിബിയിലെ സയ്യദ് എന്ന ഒരു ഗാര്‍ഡ്, തന്റെ എകെ 47 തോക്കുകൊണ്ട്, ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിംഗ് എന്ന അമ്പത്തൊന്നുകാരനെ വെടിവയ്ക്കുകയായിരുന്നു. രണ്ടാമത്തെ വെടി ചെന്നുകൊണ്ടത് മറ്റൊരു കോണ്‍സ്റ്റബിള്‍ ആയ രാജ്വീര്‍ യാദവിന്റെ കയ്യിലായിരുന്നു. മനസ്സാന്നിധ്യം വീണ്ടെടുത്ത് ബോട്ട് സ്റ്റ്ാര്‍ട്ട് ചെയ്ത അവിടെ നിന്ന് തിരികെ പോന്ന യാദവാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്.


യാതൊരു പ്രകോപനവും കൂടാതെയാണ് ബിജിബിക്കാര്‍ വെടി വച്ചതെന്ന് ബിഎസ്എഫ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ സൈനികര്‍ ആത്മരക്ഷാര്‍ത്ഥമാണ് വെടി വച്ചതെന്ന് ബിജിബി വക്താക്കള്‍ പറയുന്നു. വെടിയേറ്റ വിജയ് ഭാന്‍ സിംഗ് ബോട്ടില്‍ വച്ചുതന്നെ മരിച്ചു. രണ്ടാമത്തെ കോണ്‍സ്റ്റബിളിന്റെ പരിക്കുകള്‍ സാരമുള്ളതല്ല. ബിജിബി കസ്റ്റഡിയിലുള്ള ആ മീന്‍പിടുത്തക്കാരനും ഇപ്പോഴും കസ്റ്റഡിയില്‍ തന്നെയാണ്. ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ ഏകദേശം 4500 കിലോമീറ്ററോളം ദൂരത്തില്‍ പരന്നുകിടക്കുന്ന അതിവിശാലമായ ഒരു അതിര്‍ത്തിയാണ് ഉള്ളത്. കുറേക്കാലമായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഒരു ഫ്‌ളാഗ് മീറ്റിംഗിലും അക്രമം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. അവസാനമായി 2005ല്‍ ഫ്‌ളാഗ് മീറ്റിംഗിനിടെ ബംഗ്ലാദേശി റൈഫിള്‍സ് ഭട•ാര്‍ ബിഎസ്എഫിന്റെ ഒരു അസിസ്റ്റന്റ് കമാന്‍ഡന്റിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്ന സംഭവം മാത്രമാണ് ഇതിന് അപവാദമായി ഉള്ളത്.

 

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രകോപനപരമായ ആക്രമണത്തെ വളരെ ഗൗരവമായിട്ടാണ് ഇന്ത്യന്‍ സൈന്യം കാണുന്നത്. ബിഎസ്എഫ് ദക്ഷിണ ബംഗാള്‍ ഐജി ഐ ബി ഖുറാനിയ, ബിജിബിയുടെ ഉത്തരപശ്ചിമ മേഖല കമാന്‍ഡറായ ബെന്‍സീര്‍ അഹമ്മദിനെ തന്റെ അതൃപ്തി നേരിട്ട് അറിയിച്ചിട്ടുണ്ട്. കടുത്ത വിശ്വാസവഞ്ചനയാണ് ബിജിബിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ വേണ്ടി വിശദമായ അന്വേഷണങ്ങള്‍ക്ക് ബംഗ്ലാദേശ് സൈന്യം ഉത്തരവിട്ടിട്ടുണ്ട്.

 

OTHER SECTIONS