ബി.ജെ.പിയില്‍ കൃഷ്ണദാസ് പക്ഷവും വി. മുരളീധര പക്ഷവും നേര്‍ക്കുനേര്‍

By online desk.17 02 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ കലഹം രൂക്ഷമാകുന്നു. കെ. സുരേന്ദ്രന് കീഴില്‍ ഭാരവാഹിയാകാന്‍ ഇല്ലെന്ന് എം.ടി രമേശും എ.എന്‍ രാധാകൃഷ്ണനും നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന കമ്മിറ്റിയിലെ മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് കീറാമുട്ടിയാകും. ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരിലാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിക്കാന്‍ മൂന്നരമാസക്കാലം നീണ്ടുപോയത്. എന്നാല്‍, കേന്ദ്ര നേതൃത്വം പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനു പിന്നാലെ ഗ്രൂപ്പ് പോര് രൂക്ഷമാവുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിശ്ചയിക്കുന്നതിന് പുതിയ പ്രസിഡന്റിന് തുടക്കത്തിലേ പിഴയ്ക്കുന്ന സ്ഥിതിയാണ്.

 


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് നോട്ടമിട്ടിരുന്നവരായിരുന്നു എം.ടി രമേശും എ.എന്‍ രാധാകൃഷ്ണനും. എന്നാല്‍ തങ്ങളേക്കാള്‍ ജൂനിയറായ സുരേന്ദ്രന്‍ പ്രസിഡന്റായി വന്നതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വത്തെ ഇവര്‍ അറിയിച്ചു കഴിഞ്ഞു. ശോഭ സുരേന്ദ്രനും കേന്ദ്ര തീരുമാനത്തോട് എതിര്‍പ്പുണ്ട്. ബി.ജെ.പിയില്‍ സമീപ ഭാവിയില്‍ സജീവമായി ഇടപെട്ടിരുന്ന വനിത നേതാവെന്ന രീതിയില്‍ ശോഭ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മൂവരെയും കേന്ദ്ര കമ്മിറ്റികളുടെ ചുമതലയിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നുണ്ട്.

 

എം.ടി രമേശനെയും എ.എന്‍ രാധാകൃഷ്ണനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിക്കും. ശോഭ സുരേന്ദ്രനെ മഹിളാമോര്‍ച്ച ദേശീയ ഭാരവാഹിയാക്കാനും നീക്കമുണ്ട്. അതോടെ പുതിയ ഭാരവാഹികളില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാകും. ബി. ഗോപാലകൃഷണന്‍, രഘുനാഥ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ ഭാരവാഹിത്വത്തിലേക്ക് വന്നേക്കാം. അപ്പോഴും ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹകളെ നിശ്ചയിക്കല്‍ കെ. സുരേന്ദ്രന് വെല്ലുവിളിയായി തന്നെ തുടരും. നിലവില്‍ വി. മുരളീധരന്‍ പക്ഷത്തിനാണ് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുന്‍ തൂക്കം ലഭിച്ചിരിക്കുന്നത്. എഎന്‍ രാധാകൃഷ്ണനും എംടി രമേശും കൃഷ്ണദാസ് പക്ഷനേതാക്കളാണ്. ശോഭ സുരേന്ദ്രന് കൃത്യമായ ഗ്രൂപ്പില്ല. സംഘടന അഴിച്ചുപണിയില്‍ നിര്‍ണ്ണായക പങ്കാണ് സംസ്ഥാന അദ്ധ്യക്ഷനുള്ളത്.അഴിച്ചുപണി തുടങ്ങും മുമ്പ് കൃഷ്ണദാസ് പക്ഷത്തെ രണ്ടുനേതാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സുരേന്ദ്രന്‍ പ്രസിഡന്റായാല്‍, രമേശിന് പകരം മറ്റെന്തെങ്കിലും പദവിയെന്ന ഗ്രൂപ്പിന്റെ ബദല്‍ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ പിടിമുറുക്കിയ മുരളീധരപക്ഷം സി കൃഷ്ണകുമാര്‍, പി സുധീര്‍, രഘുനാഥ് അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തു നിന്ന് ബി ഗോപാലകൃഷ്ണന്‍ മാത്രമാണ് ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് എത്താന്‍ സാധ്യത. ആര്‍എസ്എസ്സിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും പുന:സംഘടന. അതിനിടെ കുമ്മനം രാജശേഖരന്റെ സ്ഥാന നിര്‍ണയം വൈകുന്നതില്‍ ആര്‍എസ്എസ്സിന് അതൃപ്തിയുണ്ട്.

 

 

 

OTHER SECTIONS