By Veena Viswan.21 01 2021
വൈറ്റ് ഹൗസ് എന്നത് കേട്ടിട്ടില്ലേ. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ ഔദ്യോയികവസതിയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
ഈ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അത് വൈറ്റ് ആയിരുന്നില്ല. അതിന് വൈറ്റ് ഹൗസ് എന്ന പേരും വീണിരുന്നില്ല.
അയര്‍ലന്റുകാരനായ ജെയിംസ് ഹോബന്‍ എന്ന ശില്‍പ്പിയാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 ഔക്ടോബര് 13 - ന് തറക്കല്ലിട്ട വൈറ്റ് ഹൗസിന്റെ നിര്‍മാണം 1800-ല്‍ പൂര്‍ത്തിയായി.
ചാരനിറത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് ആദ്യം കെട്ടിടം നിര്‍മിച്ചത്. അന്ന് മുതല്‍ പ്രസിഡന്റിന്റെ ഔദ്യോയിക വസതിയായി ഉപയോഗിച്ച് വന്നു. യുദ്ധകാലത്ത് 1814 ആഗസ്റ്റ് 24-ന് ബ്രിട്ടീഷ് പട്ടാളം കെട്ടിടം തീയിട്ട് നശിപ്പിച്ചു.
പിന്നീട് ഹോബന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിക്കുകയും 1817 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
തീയുടെ പുകയുടേയും മറ്റുപാടുകളും മാറ്റാന്‍ കെട്ടിടത്തിന്റെ ഭിത്തികള്‍ വെള്ളയായി പെയിന്റ് ചെയ്തു. അങ്ങനെയാണ് വൈറ്റ് ഹൗസ് എന്നപേരു വന്നത്. എന്നാല്‍ വൈറ്റ് ഹൗസ് എന്ന് ഔദ്യോയികമായി നാമകരണം ചെയ്തത് 1902 ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്വെല്‍റ്റിന്റെ കാലത്താണ്.
വൈറ്റ് ഹൗസിന് 3 നിലകളും 100 മുറികളുമുണ്ട്. വ്യത്യസ്ത മുറികള്‍ക്ക് വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഓവലാകൃതിയുള്ള നീല നിറത്തിലുള്ള മുറി അതിഥികളെ സ്വീകരിക്കാനാണ്. സാമ്രാജ്യത്വകാലത്തെ വസ്തുക്കള്‍ കൊണ്ടലങ്കരിച്ച മുറിക്ക് ചുവപ്പ് നിറമാണ്. പ്രസിഡന്റും കുടുംബവും താമസിക്കുന്നത് റോസ് നിറമുള്ള മുറിയിലാണ്.
1800 ല്‍ ജോണ്‍ ആഡംസ് മുതല്‍ ഓരോ അമേരിക്കന്‍ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം. പ്രസിഡന്റ്, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ തുടങ്ങിയവയുടെ പര്യായമായും വൈറ്റ് ഹൗസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.