ബജ്‌വയ്ക്ക് കാലാവധി നീട്ടി നല്‍കി; പാക് സൈന്യത്തിനുള്ളില്‍ എതിര്‍പ്പ്

By online desk.04 12 2019

imran-azhar

 

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളില്‍ നിന്ന് എതിര്‍പ്പ്. നവംബര്‍ 29ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൈന്യത്തില്‍ നിന്ന് വിരമിക്കേണ്ടതാണ്. എന്നാല്‍, സയപരിധി അവസാനിച്ചിട്ടും ബജ്വ പാക് സൈനിക മേധാവി സ്ഥാനത്ത് തുടരുന്നതിനെതിരെ പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറല്‍മാരാണ് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

 

ആറ് മാസത്തേക്കാണ് ഉപാധികളോടെ ബജ്വയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കാലാവധി കൂടുതല്‍ നീട്ടി നല്‍കാനായിരുന്നു ഇമ്രാന്‍ സര്‍ക്കാരിന്റെ തീരുമാനമെങ്കിലും പാക് സുപ്രീംകോടതി അത് ഉപാധികളോടെ ആറ് മാസത്തേക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു.

പാക് സൈന്യത്തിലെ മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍, നദീം രാജ, ഹുമയൂണ്‍ അസീസ്, നയീം അസ്രഫ്, ഷെര്‍ അഫ്ഗാന്‍, ഖാസി ഇക്രം തുടങ്ങിയ ലഫ്റ്റനന്റ് ജനറല്‍മാരാണ് ഖമര്‍ ജാവേദ് ബജ്വയ്ക്ക് കാലാവധി നീട്ടി നല്‍കുന്നതിനെതിരെ രംഗത്തെതിയത്. ഇതില്‍ റാങ്കനുസരിച്ച് മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍ അടുത്ത പാക് സൈനിക മേധാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നയാളാണ്. റാങ്കില്‍ ഏഴാം സ്ഥാനത്തുള്ള ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയ ബിലാല്‍ അക്ബര്‍ എന്ന ലഫ്റ്റനന്റ് ജനറലും ബജ്വയ്ക്ക് കാാലാവധി നീട്ടി നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

സൈനിക അട്ടിമറികളും ഭരണകൂടത്തിനെതിരെ സൈന്യത്തിന്റെ ശബ്ദവും ഇതിന് മുമ്പും പാകിസ്ഥാനില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാക് സൈന്യത്തിനുള്ളില്‍ നിന്ന് തന്നെ ഒരു വിമതസ്വരം ഉയരുന്നത്.

 

OTHER SECTIONS