ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ മൃതദേഹം സംസ്‌കരിച്ചു

By online desk.24 08 2019

imran-azhar

 

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കവെ കടലില്‍ വീണു മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി ഏഴോടെ കണ്ണാന്തുറ പള്ളിയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30നാണ് ജോണ്‍സണെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വലിയതുറ പാലത്തിനു സമീപത്തായാണ് മൃതദേഹം അടിഞ്ഞത്.

 

ജോണ്‍സണു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന് കൈമാറിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.നാവികസേനയുടെയും മറൈന്‍ എന്‍ഫോഴ്‌മെന്റിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. സമീപത്തുണ്ടായിരിന്നിട്ടും മറ്റു രണ്ടു ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സണെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രക്ഷപ്പെടുത്താനായി ജോണ്‍സണും മറ്റു രണ്ടുപേരും കൂടി കടലിലേക്ക് ചാടിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കരയ്‌ക്കെത്തിച്ചെങ്കിലും ജോണ്‍സണ് കരയില്‍ കയറാനായില്ല. കൂറ്റന്‍ തിരമാല അടിക്കുകയും സമീപത്തെ പാറയില്‍ ജോണ്‍സന്റെ തല അടിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വലിയതുറ പൊലീസ് പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ ഇവരില്‍ നിന്നും മൊഴിയെടുക്കാനായില്ല. ഇന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് വലിയതുറ പൊലീസ് അറിയിച്ചു. ഇവരുടെ കാമുകനെന്നു പറയുന്ന യുവാവിനെയും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരയടിയുടെ ആഘാതത്തില്‍ ജോണ്‍സണ്‍ അബോധാവസ്ഥയിലായതാണ് തിരയില്‍ പെടാന്‍ കാരണമെന്ന് കരുതുന്നു. ഇക്കാരണത്താല്‍ ജോണ്‍സണ് നീന്താനും കഴിഞ്ഞിരിക്കില്ല.

 

OTHER SECTIONS