രാഷ്ട്രീയം തലയ്ക്കുപിടിച്ചു; ബാലകൃഷ്ണനെ വീട്ടുകാര്‍ നാടുകടത്തി; ചിട്ടിക്കമ്പനി ജോലിക്കാരനായി ചെന്നൈയില്‍!

By Web Desk.01 10 2022

imran-azhar

 


തിരുവനന്തപുരം: ചുവപ്പുകോട്ടയായ കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ താരകം. കോടിയേരിയിലെ ബാലകൃഷ്ണന്‍ സ്‌കൂള്‍ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി. ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് എസ്എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ ഭാഗമായത്. കെഎസ്എഫിന്റെ യൂണിറ്റ് സ്‌കൂളില്‍ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം.

 

രാഷ്ട്രീയം തലയ്ക്കുപിടിച്ച ബാലകൃഷ്ണനെ പത്താം ക്ലാസിനുശേഷം വീട്ടുകാര്‍ തുടര്‍ന്നു പഠിക്കാന്‍ അയയ്ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയില്‍ രണ്ടു മാസം ജോലി ചെയ്തു. തിരിച്ചെത്തിയശേഷമാണ് മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നത്.

 

1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970 ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവില്‍ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.

 

1970 ല്‍ തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ല്‍ കോടിയേരി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. അതേവര്‍ഷം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.

 

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ തടവുകാരനായി. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

1980 മുതല്‍ 1982 വരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി. 1988 ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗമായി. 1990 മുതല്‍ 95 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.

 

1995 ല്‍ കൊല്ലത്തു ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 2008 ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം മരണം വരെ പിബി അംഗമായി തുടര്‍ന്നു. 54-ാം വയസ്സില്‍ പൊളിറ്റ് ബ്യൂറോയിലെത്തി.

 

പിണറായി വിജയനു പിന്നാലെ, 2015 ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2015 ഫെബ്രുവരി 23 നാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായി ആദ്യം സ്ഥാനമേറ്റത്. 2018 ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 ല്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ സഭാ മെമ്പര്‍ തുടങ്ങിയ നിലകളില്‍ കൃഷിഅനുബന്ധ സംഘടനാരംഗത്തും കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS