കിള്ളിയാര്‍ ശുചീകരണം : പുഴയറിവ് നടത്തം സംഘടിപ്പിക്കും

By Online Desk.12 10 2018

imran-azhar

 

 

തിരുവനന്തപുരം : കിള്ളിയാര്‍ ശുചീകരണ പരിപാടിയുടെ ഭാഗമായി പുഴയറിവ് നടത്തം സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് ജഗതി ഹൈസ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പുഴയറിവ് നടത്തം ജഗതി മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് രാവിലെ 10.30 ന് കിള്ളിയാര്‍ സിറ്റിമിഷന്‍ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ ഉദ്ഘാടനം ജഗതി മൈതാനത്ത് നടക്കും. കലാജാഥയില്‍ കിള്ളിയാറിന്റെ പഴമയും നിലവിലെ അവസ്ഥയും കിള്ളിയാര്‍ പുനരജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒക്‌ടോബര്‍ 13, 14, 15 തീയതികളിലായി 17 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് ഹൈസ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി നഗരസഭാതല കവിതാ രചന ഒക്ടോബര്‍ 22 നും 24 നും രാവിലെ 10 ന് കിള്ളിയാര്‍ സിറ്റി മിഷന്‍ ഓഫീസില്‍ വച്ച് നടത്തും. കിള്ളിയാര്‍ കടന്നുപോകുന്ന എല്ലാ വാര്‍ഡുകളിലും പ്രാദേശിക സംഘാടക സമിതികളുടെ നേതൃത്വത്തില്‍ പുഴയറിവ് നടത്തം സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങള്‍ പ്രാദേശിക നിര്‍വ്വഹണ സമിതികള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്യും. കിള്ളിയാറിന്റെ കൈവഴികള്‍, കിള്ളിയാറിലേയ്ക്ക് എത്തുന്ന ഓടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പുഴയറിവ് നടത്തം. പുഴയറിവ് നടത്തത്തിന്റെ ഭാഗമായി കിള്ളിയാറിലേയ്ക്ക് എത്തുന്ന ഖര-ദ്രവ മാലിന്യങ്ങളുടെ അളവും സ്വഭാവവും സംബന്ധിച്ച പ്രാഥമിക വിവരശേഖരണവും നടത്തും. ഇതിലേയ്ക്കാവശ്യമായ ഫോറങ്ങള്‍ നഗരസഭ തയ്യാറാക്കി നല്‍കും. പ്രാഥമിക വിവരശേഖരണത്തെ തുടര്‍ന്ന് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരെ ഉപയോഗിച്ച് കിള്ളിയാറും തീരവും ഉള്‍പ്പെടുന്ന ഡിജിറ്റലൈസ്ഡ് മാപ്പ് തയ്യാറാക്കും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും കിള്ളിയാര്‍ ശുചീകരണ പരിപാടിയും തുടര്‍ സംരക്ഷണവും ആസൂത്രണം ചെയ്ത് നടപ്പാക്കുക.

OTHER SECTIONS