തില്ലങ്കേരിയും കളമശേരിയും എൽ ഡി എഫിന്, പന്മനയിലും തൃശൂരിലും യുഡിഎഫ്

By sisira.22 01 2021

imran-azhar

 


ഇന്നലെ നടന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ കളമശേരിയിൽ എൽ ഡി എഫിനും തൃശൂരിൽ യുഡിഎഫിനും അട്ടിമറി വിജയം. കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്.

 

റഫീഖ്ഖിന് ലഭിച്ചത് 308 വോട്ടുകളാണ്. യുഡിഎഫ് സ്ഥാനാർഥി വി.എസ്. സലീമി ന് 244 വോട്ടുകളും കിട്ടി. ‌‌കോൺഗ്രസ്‌ സ്വതന്ത്ര സ്ഥാനാർഥി ഷിബു സിദ്ദിഖ് നേടിയത് 207 വോട്ട്. ഷിബു പിടിച്ച വോട്ടുകളാണ് യുഎഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായത്.

 

25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന വാർഡാണ് ഇത്തവണ എൽ ഡി എഫിന് കിട്ടിയത്. അതേസമയം, തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ എൽഡിഎഫിൽ നിന്നു കോൺഗ്രസ് പിടിച്ചു .

 

998 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥി രാമനാഥന് എതിരെ കോൺഗ്രസ് റിബൽ രാമൻകുട്ടിയാണ് മത്സരിച്ചത്.

 

ഇതോടെ കോൺഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി എൽഡിഎഫ് കോർപറേഷൻ ഭരണം.

 

ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

 


തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 6980 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎം ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യൻ കേരള കോൺഗ്രസ് ജോസഫിന്റെ ലിന്റ ജയിംസിനെയാണു പരാജയപ്പെടുത്തിയത്.

 

ഉപതിരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യുഡിഎഫിനു വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.

 


അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം. നൗഫൽ (മുസ്‌ലിം ലീഗ്), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഇരു വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ രണ്ടാമതെത്തി.

 

അഞ്ചാം വാർഡിൽ നൗഫലിന് 1014 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജെ. അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി പൊന്മന ശ്രീകുമാറിന് 18 വോട്ടുകളേ ലഭിച്ചുള്ളൂ.

 

13–ാം വാർഡിൽ യുഡിഎഫ് 745 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പരമേശ്വരൻ 674 വോട്ടും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി ജെ. പങ്കജാക്ഷന് 362 വോട്ടുകളാണു ലഭിച്ചത്. നിലവിൽ പന്മന പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണ്.

OTHER SECTIONS