ഇടതിന്റെ കിട്ടാക്കനി, ബിജെപിയുടെ ശക്തി പൂജപ്പുര ആര്‍ക്ക് സ്വന്തം

By Sooraj Surendran .23 11 2020

imran-azhar

 


തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടും കല്‍പ്പിച്ചാണ് ബിജെപി പോരിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമായ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ പൂജപ്പുരയില്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ തന്നെ
കളത്തിലിറക്കുകയാണ് പാര്‍ട്ടി. 35 വാര്‍ഡുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. ഇത്തവണ അത് 50 ലധികമായി ഉയര്‍ത്തി ഭരണം പിടിച്ചെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വനിതാസംവരണമാണെങ്കിലും ഭരണം പിടിക്കാനാണ് വി.വി.രാജേഷിനെ കളത്തിലിറക്കിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. 2015ല്‍ ബിജെപിയുടെ വിജയലക്ഷ്മി 2363 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പതിനായിരത്തോളം സമ്മദിദായകര്‍ ഉണ്ടായിരുന്ന വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ ദേവി 1803 വോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ് ചന്ദ്രലേഖ 1264 വോട്ടുകളുമാണ് നേടിയത്.

 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ഡ് തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ നീക്കം. യുഡിഎഫിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്.വിനു ആണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്. പൂജപ്പുര സ്വദേശിയാണ്. 2000 മുതല്‍ 2005 വരെ വാര്‍ഡ് കൗണ്‍സിലറായുള്ള പ്രവര്‍ത്തനമികവ് ഗുണം ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് യുഡിഎഫ്. അതേസമയം കന്നിഅങ്കത്തിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ് എല്‍ഡിഎഫ്. സിപിഐ പൂജപ്പുര ലോക്കല്‍ കമ്മിറ്റി മെമ്പറായ രാജേഷാണ് ഇടത് സ്ഥാനാര്‍ത്ഥി. യുവകലാസാഹിതി പൂജപ്പുര മേഖല പ്രസിഡന്റും ഇസ്‌കഫ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമാണ്. കഴിഞ്ഞ 40 വര്‍ഷമായി ഇടതിന് കിട്ടാക്കനിയാണ് പൂജപ്പുര വാര്‍ഡ്. കന്നിഅങ്കത്തിലൂടെ എല്‍ഡിഎഫിനെ വിജയിപ്പിക്കാനാകുമെന്ന ശുഭ പ്രതീക്ഷയുമായാണ് രാജേഷ് പോരിനിറങ്ങുന്നത്.

 

OTHER SECTIONS