ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ: കെ. സുരേന്ദ്രനും എം.ടി. രമേശനും സീറ്റ് ലഭിച്ചേക്കില്ല

By online desk.15 03 2019

imran-azhar

 

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് അറിയിച്ചതോടെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ കാര്യം പരുങ്ങലിലാണ്. തൃശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ബിഡിജെഎസിന് ആ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് സുരേന്ദ്രന് സീറ്റില്ലാതായത്. അതേസമയം ജനറല്‍ സെക്രട്ടറി എം.ടി. രമേശിനും സീറ്റ് ലഭിച്ചേക്കില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കാനൊരുങ്ങുന്നതാണ് രമേശിനെയും വെട്ടിലാക്കിയിരിക്കുന്നത്. പത്തനംതിട്ട കിട്ടുന്നില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് രമേശ് കഴിഞ്ഞ കോര്‍ കമ്മിറ്റിയില്‍ എഴുതിനല്‍കിയിരുന്നു. സീറ്റില്ലാത്തതിന്റെപേരില്‍ അദ്ദേഹം വഴക്കിനില്ല. തൃശ്ശൂരോ പത്തനംതിട്ടയോ പ്രതീക്ഷിച്ച കെ. സുരേന്ദ്രനും സീറ്റില്ലെങ്കില്‍ പ്രതിഷേധത്തിനില്ല. ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചാല്‍ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ പോര് രൂക്ഷമായേക്കും.

 

ഒന്നാംനിര നേതാക്കളൊക്കെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരില്‍ ഒന്നാം പേരുള്ളവരെപ്പോലും പ്രവര്‍ത്തന മികവ്, പൊതുസമ്മതന്‍, ആര്‍.എസ്.എസിന്റെ താത്പര്യം എന്നിവ പരിഗണിച്ചാകും പരിഗണിക്കുക. ഇക്കാര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഇടപെടല്‍ ശക്തമായിരിക്കുമെന്ന് കുമ്മനം രാജശേഖരന്റെ മടങ്ങിവരവിലൂടെ വ്യക്തമായിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഈ സ്വാധീനമാണ് പലരുടെയും പേടിയും.

 

ടോം വടക്കനെ കേരളത്തിലേക്കു പരിഗണിച്ചാല്‍ തൃശ്ശൂരോ ചാലക്കുടിയോ നല്‍കേണ്ടിവരും. രണ്ടിടത്തും സ്ഥാനാര്‍ഥികള്‍ ആരെന്ന് ഏറക്കുറെ ധാരണയായിട്ടുള്ളതാണ്. തൃശ്ശൂര്‍ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്കായി ഒഴിച്ചിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രണ്ടിടത്തും വടക്കനെ ഉള്‍പ്പെടുത്തുക എളുപ്പമല്ല. ദേശീയനേതൃത്വം മറിച്ചുതീരുമാനിച്ചാല്‍ അത് സംസ്ഥാനത്തുള്ള നേതാക്കളുടെ സീറ്റുതെറിപ്പിക്കുന്നതാകും. അതിന് സാധ്യതയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം. വടക്കന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും സീറ്റോ മറ്റെന്തെങ്കിലും സ്ഥാനമോ നല്‍കാനുള്ള സാധ്യതയാണ് സംസ്ഥാന നേതാക്കള്‍ കാണുന്നത്.

 

ശനിയാഴ്ച ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം ഒന്നാംഘട്ട പട്ടിക പ്രഖ്യാപിക്കും. ഇതിനൊപ്പം മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ പട്ടികയും പുറത്തുവന്നേക്കാം. അന്നുണ്ടായില്ലെങ്കില്‍ അടുത്ത രണ്ടു ദിവസത്തിനപ്പുറം പോകില്ലെന്ന ധാരണയിലാണ് കേരള നേതാക്കള്‍ വെള്ളിയും ശനിയുമായി ഡല്‍ഹിക്കു പോകുന്നത്.

OTHER SECTIONS