മഹാരാഷ്ട്രയിലും ഹരിയാനയിലും കുറഞ്ഞ പോളിംഗ്

By Online Desk.22 10 2019

imran-azhar

 

 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ മലാക്ക ഗ്രാമത്തില്‍ പോളിംഗ് ബൂത്തിന് സമീപം രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് ഇടയാക്കി. അതേസമയം, മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാഫിസ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവര്‍ നാഗ്പൂരില്‍ വോട്ട് ചെയ്തു. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ബാന്ദ്ര ഈസ്റ്റിലാണ് വോട്ട് ചെയ്തത്. സച്ചിന്‍ തെണ്ടുകല്‍ക്കര്‍, അമീര്‍ഖാന്‍, മാധുരി ദീക്ഷിത്, ജെനീലിയ ഡിസൂസ തുടങ്ങിയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. 124 സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍സിപിയും മത്സരരംഗത്തുണ്ട്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയുടെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രണ്ടാമതും ജനവിധി തേടുന്നുണ്ട്.

 

OTHER SECTIONS