By sisira.24 01 2021
മുംബൈ: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് നിയമോപദേശം തേടി മഹാരാഷ്ട്ര സർക്കാർ.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ബാർക് മുൻ സി.ഇ.ഒ. പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബാലക്കോട്ട് ആക്രമണം നടക്കുന്നതിന് മുന്നേ തന്നെ അർണബിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.അതെങ്ങനെയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു.
'ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുളളത്.
പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങൾ ചോദിക്കുകയാണ്.
ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്. കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ്.' അനിൽ ദേശ്മുഖ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അർണബിന് മുൻകൂട്ടി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്നതായിരുന്നു ചാറ്റ്.