മഹാരാഷ്ട്രയില്‍ സിനിമ സ്‌റ്റൈല്‍ ബാങ്ക് കവര്‍ച്ച ; നിര്‍മ്മിച്ചത് 25 അടി നീളമുള്ള തുരങ്കം

By RAJI E R.14 Nov, 2017

imran-azhar

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന ബാങ്ക് കവര്‍ച്ച തികച്ചും സിനിമ സ്‌റ്റൈലിലാണ്. ബാങ്ക് ഓഫ് ബറോഡയുടെ ജൂനഗര്‍ ശാഖയാണ് കൊള്ളയടിയ്ക്കപ്പെട്ടത്.
ബാങ്ക് കൊള്ളയടിക്കുന്നതിനായി മോഷ്ടാക്കള്‍ നിര്‍മ്മിച്ചത് 25 അടി നീളമുള്ള തുരങ്കമാണ്. ഒരു കോടി രൂപയും 30 ലോക്കറുകളും മോഷ്ടിക്കപ്പെട്ടു.
ബാങ്കിന്റെസ്റ്റോര്‍ ലോക്കര്‍ മുറിക്ക് സമീപമുള്ള ഒരു കടയില്‍ നിന്നാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ബാങ്കിന്റെ പ്രധാന ലോക്കര്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല.

 

ദി ബാങ്ക് ജോബ് എന്ന ബ്രിട്ടീഷ്-ഹോളിവുഡ് ചിത്രത്തിലാണ് ഇത്തരത്തിലുള്ള ബാങ്ക് കവര്‍ച്ച ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ ഒരു കൃത്യം വിദഗ്ധ കുറ്റവാളികള്‍ക്ക് മാത്രമേ നടത്താന്‍ സാധിയ്ക്കുവെന്ന് പൊലീസ് വ്യക്തമാക്കി.
2017 മെയ് മുതല്‍ മോഷ്ടാക്കള്‍ സമീപത്തുള്ള കട വാടകക്കായി എടുത്തിരുന്നു. അതിന് ശേഷമാണ് 25 അടി നീളമുള്ള ഭൂഗര്‍ഭ തുരങ്കം ബാങ്കിന്റെ ലോക്കര്‍ മുറിയിലേക്ക് ഇവര്‍ നിര്‍മ്മിച്ചതെന്ന് നവി മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നാഗ്രേല പറഞ്ഞു.

 


കവര്‍ച്ചക്കാര്‍ക്ക് 225 ലോക്കറുകളില്‍ നിന്ന് 30 ലോക്കറുകള്‍ മാത്രമാണ് മോഷ്ടിക്കാന്‍ കഴിഞ്ഞത്. ബാങ്കിലെ ഒരു കസ്റ്റമര്‍ ലോക്കര്‍ തുറക്കുന്നതിനായി ബാങ്കിനെ സമീപിക്കുകയും, തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ലോക്കര്‍ റൂമില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് കണ്ടെത്തിയത്.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളെയും വിളിച്ചു വരുത്തി അവരുടെ നിക്ഷേപത്തിന്റെയും മറ്റും രേഖകള്‍ ബാങ്ക് അധികൃതര്‍ പരിശോധിക്കാന്‍ തുടങ്ങി.മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളെയാണ് അന്വേഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

OTHER SECTIONS