മലയാളിയുടെ മൃതദേഹം നാട്ടിലെത്താതെ കുടുങ്ങി കിടക്കുന്നു ; നോർക്കയുടെ അനാസ്ഥയെന്ന് സൂചന

By Greeshma G Nair.11 Jan, 2017

imran-azhar

 

 

 

ലണ്ടൻ: ലണ്ടനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുന്നു. പത്തു വർഷമായി ലണ്ടനിൽ സ്ഥിര താമസമായ ശിവപ്രസാദിന്റെ മൃതദേഹമാണ് ഒരാഴ്ചയായി ലണ്ടനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

 


ഇക്കഴിഞ്ഞ ഡിസംബർ 19ന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്ത ശിവയുടെ മൃതദേഹം കഴിഞ്ഞ ആഴ്ച അനാഥമായ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ബ്രിട്ടനിൽ ബന്ധുക്കളോ മറ്റോ ഇല്ലാതെ പോയ ശിവയുടെ മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി എംബസിയെ ഏൽപ്പിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് മൃതദേഹം നാട്ടിൽ എത്താൻ വൈകുന്നതെന്ന് ചോദ്യത്തിന് ഉത്തരമില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ പണത്തിന് തടസം ഇല്ലെന്നു എംബസി വക്താക്കൾ പറയുന്നുണ്ടെങ്കിലും വെറും രേഖകൾ കിട്ടാൻ ഉള്ള കാലതാമസമാണ് തടസ്സം എങ്കിൽ നോർക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്‌ പുലർത്തിയതെന്ന് വ്യക്തമാവുകയാണ്.

 


മരണത്തെ കുറിച്ച് ആദ്യ സൂചന ലഭിച്ചപ്പോൾ തന്നെ മലയാളി സമൂഹത്തിന്റെ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ മൃതദേഹം ദിവസങ്ങളിൽ തന്നെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് വ്യക്തമായ രൂപരേഖ ലഭിക്കുമായിരുന്നു. എന്നാൽ പണച്ചെലവ് ആര് വഹിക്കും എന്ന തർക്കത്തിന് മുന്നിൽ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നിൽ ശിവയുടെ കാര്യം എത്തുന്നതും ഇപ്പോൾ നിയമ നടപടികളിൽ കുരുങ്ങി നാട്ടിൽ എന്നെത്തും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും.


ഇടുക്കി സ്വദേശിയാണ് മരിച്ച ശിവ പ്രസാദ് .ഭാര്യ ശാലുവും നാലു വയസുകാരന്‍ മകന്‍ ചന്ദ്രമൌലിയും ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പീയുഷയും നാട്ടിലാണുള്ളത്

loading...