അയല്‍ക്കാരന്റെ മകള്‍ക്കും നായയ്്ക്കും നേരെ വെടിയുതിര്‍ത്ത മദ്ധ്യവയസ്‌കനെ അടിച്ചുകൊന്നു

By praveenprasannan.25 05 2020

imran-azhar

പാട്‌ന : അയല്‍ക്കാരന്റെ വളത്തുനായയ്ക്ക് നേരെയും അയാളുടെ മകള്‍ക്ക് നേരെയും വെടിവച്ച മദ്ധ്യവയസ്‌കനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ബിഹാറിലെ ബെലാദി ഗ്രാമത്തില്‍ ഗോപാല്‍ റാം(55) ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.വിനോദ് റാം എന്ന ആളുടെ വളര്‍ത്തുനായയ്ക്ക് നേരെയാണ് ഗോപാല്‍ റാം വെടിയുതിര്‍ത്തത്. നിര്‍ത്താതെയുള്ള നായയുടെ കുര ശല്യമായതോടെയായിരുന്നു വെടിയുതിര്‍ത്തത്. ആദ്യ രണ്ട് വെടിയുണ്ടകള്‍ നായയുടെ ശരീരത്തില്‍ കൊണ്ടെങ്കിലും കാര്യമായ പരിക്കേറ്റില്ല. പിന്നാലെ മൂന്നാമതും വെടി വച്ചു.


ഇത് ഉന്നംതെറ്റി പതിച്ചത് വിനോദ് റാമിന്റെ പത്തു വയസുളള മകള്‍ ഭൂമിക കുമാരിയുടെ കൈയിലാണ്. പെണ്‍കുട്ടിക്ക് പരിക്കേറ്റതോടെ വിനോദ് റാമും നാട്ടുകാരും ചേര്‍ന്ന് ഗോപാല്‍ റാമിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് ഇയാള്‍ മരിച്ചു.സംഭവത്തില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അയല്‍ക്കാരന്റെ വളര്‍ത്തുനായയെയും മകളെയും വെടിവച്ച സംഭവത്തില്‍ വിനോദ് റാം നല്‍കിയ പരാതിയിലാണ് ആദ്യ കേസ്. ഗോപാല്‍ റാമിനെ കൊലപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.

OTHER SECTIONS