ഗൂഗിള്‍ എര്‍ത്തിലൂടെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് ഗിസ് ബുക്കിലിടം നേടി

By online desk.17 04 2019

imran-azhar

 

 

ടോക്യോ: പുസ്തകത്തില്‍ ഒളിപ്പിച്ച പ്രണയലേഖനം കൈമാറിയും, നവമാധ്യമങ്ങളില്‍ സന്ദേശങ്ങളയച്ചുമൊക്കെ ഇഷ്ടം തുറുപറഞ്ഞവരെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ, ജപ്പാനില്‍നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇതൊന്നും പോരാ എന്നു വന്നിരിക്കുകയാണ്. അവിടെ കാമുകിയെ വീഴ്ത്താന്‍ നായകന്‍ ഒരു വീരകൃത്യം നിര്‍വഹിച്ചു. കഥാനായകന്‍ ഗൂഗിള്‍ എര്‍ത്തിലൂടെയാണ് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. തീര്‍ന്നില്ല, ഇതിന്റെ പേരില്‍ യുവാവ് ഗിസ് ബുക്കിലിടം നേടുകയും ചെയ്തു. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭൂമിയുടെ ത്രിമാന ചിത്രം ലഭ്യമാക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണു ഗൂഗിള്‍ എര്‍ത്ത്. ജപ്പാന്‍ സ്വദേശിയായ യാസുഷി തകാഹാഷി എന്ന യുവാവാണു ഗൂഗിള്‍ എര്‍ത്തിലൂടെ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇദ്ദേഹം ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഏറ്റവും വലിയ ജിപിഎസ് ഡ്രോയിംഗ് നടത്തിയതിന്റെ പേരിലാണു ഗിന്നസ് ബുക്കിലിടം നേടിയത്.

ജിപിഎസ് ഡിവൈസ് അഥവാ ഉപകരണം ഉപയോഗിച്ചു യാത്ര ചെയ്താണു ജിപിഎസ് ഡ്രോയിംഗ് നടത്താന്‍ സാധിക്കുന്നത്. ഡ്രോയിംഗ് നമ്മള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വരയ്ക്കാം. ചിലര്‍ അക്ഷരത്തിന്റെയും വാചകത്തിന്റെയും രൂപത്തില്‍ വരയ്ക്കും. ഇവിടെ യാസുഷി ജിപിഎസ് ഡ്രോയിംഗ് നടത്തിയത് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാചകത്തിന്റെ രൂപത്തിലായിരുന്നു. ഇംഗ്ലീഷില്‍ 'എന്നെ വിവാഹം കഴിക്കു'(MARRY ME) എന്നര്‍ഥമുള്ള വാചകവും ഹൃദയത്തിന്റെ ചിഹ്നവുമാണു യാസുഷി വരച്ചത്. ജപ്പാന്റെ ഭൂപടത്തില്‍ ദൃശ്യമാകും വിധത്തിലാണു യാസുഷി ജിപിഎസ് ഡ്രോയിംഗ് നടത്തിയത്. ജിപിഎസ് ഡ്രോയിംഗ് നടത്താന്‍ അദ്ദേഹം ആറ് മാസം യാത്ര ചെയ്തു. കഴിഞ്ഞ ജൂണിലാണ് ജപ്പാനിലെ ഹൊക്കെയ്ദോ എ ദ്വീപില്‍നിന്നും യാത്ര ആരംഭിച്ചത്. ആറ് മാസം കൊണ്ട് 7,000 കിലോമീറ്റര്‍ സഞ്ചരിച്ചു കഗോഷിമയുടെ തീരത്ത് യാത്ര അവസാനിപ്പിച്ചു.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2007-ലാണു യാസുഷി തകാഹാഷി ജിപിഎസ് ഡ്രോയിംഗിനെ കുറിച്ച് ആലോചിച്ചത്. ഏകദേശം പത്ത് വര്‍ഷത്തോളം കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയും, യാത്ര ചെയ്തും ആസൂത്രണം ചെയ്തതിനും ശേഷമാണു 2018-ല്‍ യാസുഷി ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ജിപിഎസ് ഡ്രോയിംഗ് നടത്തിയത്. യാസുഷി നീണ്ട യാത്ര നടത്തിയതും ജിപിഎസ് ഡ്രോയിംഗ് നടത്തിയതുമൊക്കെ കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്താനായിരുന്നു. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് യാസുഷിയുടെ ലക്ഷ്യം നിറവേറിയോ എന്നാണ് ?
'ലോകത്തിലെ ഏറ്റവും വലിയ സ്നേഹം എനിക്ക് അനുഭവപ്പെട്ടു' ഇതായിരുന്നു യാസുഷിയുടെ കാമുകിയുടെ മറുപടി.

 

OTHER SECTIONS