ആരോൺ ബുഷ്നെൽ തീകൊളുത്തി മരിച്ചത് സ്വത്ത് പലസ്തീനിലെ കുട്ടികൾക്ക് എഴുതിവെച്ച ശേഷം; അനുശോചനം രേഖപ്പെടുത്തി ഹമാസ്

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയും അതിന് അമേരിക്ക നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കിയ അമേരിക്കൻ സൈനികൻ ത​ന്റെ വിൽപത്രത്തിൽ സ്വത്ത് പലസ്തീനിലെ കുട്ടികൾക്ക് നൽകണമെന്ന് നിർദേശിച്ചതായി റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
ആരോൺ ബുഷ്നെൽ തീകൊളുത്തി മരിച്ചത് സ്വത്ത് പലസ്തീനിലെ കുട്ടികൾക്ക് എഴുതിവെച്ച ശേഷം;  അനുശോചനം രേഖപ്പെടുത്തി ഹമാസ്

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയും അതിന് അമേരിക്ക നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കിയ അമേരിക്കൻ സൈനികൻ തന്റെ വിൽപത്രത്തിൽ സ്വത്ത് പലസ്തീനിലെ കുട്ടികൾക്ക് നൽകണമെന്ന് നിർദേശിച്ചതായി റിപ്പോർട്ട്. അമേരിക്കൻ വ്യോമസേനാംഗമായ ആരോൺ ബുഷ്‌നെൽ (25) ആണ് തന്റെ സമ്പാദ്യം ഫലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് വിൽപ്പത്രത്തിൽ എഴുതിവച്ചത്. അമേരിക്കൻ മാധ്യമമായ ഹഫ്പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

ഞായറാഴ്ചയാണ് വാഷിങ്ഡൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ഇദ്ദേഹം തീകൊളുത്തി മരിച്ചത്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള പലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണത്തിന് യു.എസ് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സ്വയം ജീവനൊടുക്കിയത്.

സൈനിക യൂണിഫോം ധരിച്ച് ജീവനൊടുക്കുന്ന ദൃശ്യം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ അദ്ദേഹം തന്നെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. തീ കത്തിപ്പടരുമ്പോഴും ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞാൻ യു.എസ് എയർഫോഴ്സിലെ സൈനികനാണ്. പലസ്തീനിലെ വംശഹത്യയിൽ ഞാൻ പങ്കാളിയാകില്ല’ എന്നും ആരോൺ ബുഷ്നെൽ മരണത്തിന് തൊട്ടുമുമ്പ് പറഞ്ഞു.

“ഞാൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോവുകയാണ്. എന്നാൽ, പലസ്തീനികൾ തങ്ങളെ കോളനിവൽകരിച്ചവരുടെ കൈകളിൽ അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒട്ടും തീവ്രമല്ല എന്ന് പറഞ്ഞാണ് അദ്ദേഹം ഇസ്രായേൽ എംബസിക്ക് അടുത്തേക്ക് നടന്നുവന്നത്.

 

അതേസമയം അമേരിക്കൻ ഭരണകൂടവും അതിന്റെ അന്യായ നയങ്ങളും കാരണം ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയുടെ സംരക്ഷകൻ എന്നാണ് ആരോണിനെ ഹമാസ് വിശേഷിപ്പിച്ചത്. അദ്ദേഹം എന്നെന്നും പലസ്തീനികളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കുമെന്നും ഹമാസ് വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നിന്നുള്ള അനുശോചനവും ഹമാസ് രേഖപ്പെടുത്തിയിരുന്നു.

us Israel palestine conflict gaza aaron bushnell Israeli Embassy