നവതിയുടെ നിറവില്‍ മണ്ണാറശാല അമ്മ

By online desk .14 02 2020

imran-azhar

 

ആലപ്പുഴ:മണ്ണാറശാല അമ്മ ശ്രീദേവി ഉമാദേവി അന്തര്‍ജ്ജനത്തിന്റെ നവതി ആഘോഷം ഫെബ്രുവരി 18ന് ക്ഷേത്രാങ്കണത്തില്‍ നടക്കും. കൊല്ലവര്‍ഷം 1105 കുംഭ മാസത്തിലെ മൂലം നാളില്‍ കോട്ടയം, മാങ്ങാനം ചെമ്പകനെല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും രുഗ്മിണീ ദേവി അന്തര്‍ജനത്തിന്റെ മൂന്നാമത്തെ പുത്രിയായ ഉമാദേവി 1949ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി നാരായണന്‍ നമ്പൂതിരിയുടെ പത്‌നിയായാണ് മണ്ണാറശാല കുടുംബത്തിലെ അംഗമായെത്തിയത്. 1993ല്‍ അമ്മയായിരുന്ന ശ്രീദേവി സാവിത്രി അന്തര്‍ജ്ജനത്തിന്റെ സമാധിയെ തുടര്‍ന്ന് അമ്മയായി സ്ഥാനമേറ്റു.

 

കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഭഗവദ് പൂജ തുടരുന്ന അമ്മയുടെ നവതി പുത്രസ്ഥാനീയനായ എം.എന്‍. നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തെ തുടര്‍ന്ന്, 3 ദിവസത്തെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചിരുന്നത് ഒഴിവാക്കി. അന്ന് ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തി വിശേഷാല്‍ നിവേദ്യങ്ങളോടെയാണ് പൂജകള്‍ നടക്കുന്നത്. പിറന്നാളിന്റെ ഭാഗമായി ഇല്ലത്ത് വൈദിക ചടങ്ങുകളും വിശേഷാല്‍ പൂജകളും നടക്കും. പിറന്നാള്‍ ദിനത്തില്‍ അമ്മയെ ദര്‍ശിക്കാനെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ പിറന്നാള്‍ സദ്യയുമുണ്ടാകും.

 

പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ 10 മുതലാണ് പിറന്നാള്‍സദ്യ. പിറന്നാളിന്റെ തലേന്നാളായ 17ന് രാത്രി 8 മുതല്‍ പ്രമുഖ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് യശ:ശരീരനായ മണ്ണാറശാല എം.ജി.നാരായണന്‍ നമ്പൂതിരി രചിച്ച വാമന വിജയം കഥകളിയും പത്മശ്രീ കലാമണ്ഡലം ഗോപി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കുന്ന കുചേലവൃത്തവും അരങ്ങേറും.

 

 

 

OTHER SECTIONS