ആശങ്ക പരത്തി കുരങ്ങുപനി; രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

By Priya.21 05 2022

imran-azhar

ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു.ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.കാനഡ, സ്പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും നിരവധി രോഗികളാണുള്ളത്. സ്പെയിനില്‍ 14 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. ഇവിടെ 20 പേരില്‍ കൂടി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്.

 

 

ഫ്രാന്‍സില്‍ 29 കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി അടുത്തിടെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളൊന്നും സന്ദര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യ മേഖലാ അധികൃതര്‍ അറിയിച്ചു.ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രോഗബാധിതരായ രണ്ട് പേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണ്. ഇരുവരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

 

 

നൈജീരിയയില്‍ നിന്ന് യുക്രൈനിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. പോര്‍ച്ചുഗലില്‍ 14 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

 


അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്തിരുന്ന മസാച്യുസെറ്റ്‌സ് സ്വദേശിയില്‍ വ്യാഴാഴ്ച്ച രോഗബാധ കണ്ടെത്തി.മെയ് ആദ്യം മുതല്‍ തന്നെ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു.കുരങ്ങുപനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്.

 

മേയ് ആറിനാണ് ബ്രിട്ടണില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്.

 

 

 

OTHER SECTIONS