സഹായമെത്രാന്‍മാരെ നീക്കിയത് മാര്‍പാപ്പ: മാര്‍ ആലഞ്ചേരി

By Online Desk .12 07 2019

imran-azhar

 

 

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്‍മാരെ നീക്കാനുള്ള തീരുമാനം മാര്‍പാപ്പ നേരിട്ട് എടുത്തതാണെന്ന് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി. വത്തിക്കാന്‍ അറിയാതെയാണ് സഹായ മെത്രാന്മാരെ നീക്കിയതെന്ന് വൈദികര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഞായറാഴ്ച പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. സഹായ മെത്രാന്‍മാരെ നീക്കിയത് തന്റെ അറിവോട് കൂടിയല്ല. ഇക്കാര്യത്തില്‍ തന്നോട് അഭിപ്രായങ്ങള്‍ ചോദിച്ചിട്ടുമില്ല. മാര്‍പാപ്പ നേരിട്ട് ഇടപെട്ടാണ് ഇവരെ നീക്കിയത്. എന്നാല്‍ അത് താന്‍ നീക്കിയതാണെന്ന് വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് ശരിയല്ല.


എറണാകുളം-അങ്കമാലി അതി രൂപതയില്‍ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമൊക്കെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായ ഒരു നടപടിയാണ് സഹായ മെത്രാന്‍മാരെ നീക്കിയത് എന്നാണ് ഈ സര്‍ക്കുലറില്‍ കര്‍ദിനാള്‍ പറയുന്നത്.


സഭാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ, അല്ലെങ്കില്‍ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന വൈദികര്‍ അതില്‍ നിന്ന് പി•ാറണമെന്ന നിര്‍ദേശവും കര്‍ദിനാള്‍ സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണാധികാരിയായി തന്നെയാണ് വത്തിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ഏറെ വൈകാതെ സിനഡിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒരു പുതിയ മെത്രാനെ ലഭിച്ചേക്കാമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറയുന്നുണ്ട്. നാളെ പള്ളികളില്‍ വായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ സര്‍ക്കുലര്‍.