വിവാഹ തട്ടിപ്പുകാരി ചെന്നൈയില്‍ പിടിയില്‍

By Priya.06 07 2022

imran-azhar

ചെന്നൈ:പുനര്‍വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരെ വിവാഹം ചെയ്ത് സ്വത്തും ആഭരണങ്ങളുമായി കടന്നുകളയുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയാണ് ഇവര്‍.സുകന്യ ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു.

 


സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിനു (35) മുന്നില്‍  ആന്ധ്രപ്രദേശിലെ  തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നായിരുന്നു വരനും കുടുംബത്തിനും ബ്രോക്കര്‍ പരിചയപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം ഗംഭീരമായാണ് ശരണ്യയുടേയും ഗണേഷിന്റേയും വിവാഹം നടന്നത്. മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി നല്‍കിയത്.

 


വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ നിര്‍ബന്ധം പിടിച്ചു.ഇതേതുടര്‍ന്നു ഇരുവരും തമ്മില്‍ തെറ്റി.ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ട് ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി.

 

 

സ്വത്ത് എഴുതി നല്‍കാന്‍ ഗണേഷ് തയാറായെങ്കിലും ആധാര്‍ കാര്‍ഡ് നല്‍കാതെ ശരണ്യ കബളിപ്പിച്ചു.ഇതില്‍ സംശയം തോന്നിയ ഇന്ദ്രാണി, ശരണ്യയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു.അതിന് ശേഷം പൊലീസില്‍ പരാതിപ്പെട്ടു.

 


പൊലീസിന്റെ അന്വേഷണത്തില്‍ മുന്‍പു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വിവാഹിതരായ പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യയെന്നാണെന്നും പൊലീസ് പറയുന്നു.

 

 

11 വര്‍ഷം മുന്‍പു വീടുവിട്ട ഇവര്‍ സേലം സ്വദേശിയെയാണു പിന്നീട് വിവാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി മുങ്ങിയ ശേഷം ജോലാര്‍പേട്ടയിലെ റെയില്‍വേ കന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി.

 


കോവിഡ് സമയത്ത് അമ്മയെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് ജോലാര്‍പേട്ടയില്‍നിന്നു മുങ്ങിയ ശേഷം ചെന്നൈയിലെത്തി ഗണേഷിനെ വിവാഹം കഴിച്ചു.ബ്രോക്കര്‍മാര്‍ വഴി പുനര്‍വിവാഹത്തിനൊരുങ്ങുന്ന പുരുഷന്‍മാരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ്.

 

 

പെണ്ണുകാണല്‍ ചടങ്ങിന് മുന്‍പു ബ്യൂട്ടി പാര്‍ലറില്‍ പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവര്‍ക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്തു. വിവാഹ സമയത്ത് സമ്മാനമായി ലഭിക്കുന്ന സ്വര്‍ണവും ഭര്‍ത്താക്കന്‍മാരുടെ പണവും മോഹിച്ചായിരുന്നു തട്ടിപ്പെന്നാണ് മൊഴി.

 

 

OTHER SECTIONS