പ്രണയത്തിന്റെ വിവാദ നായിക വിടപറഞ്ഞപ്പോള്‍

By Online Desk.09 07 2020

imran-azhar

 

 


'ഒരേയൊരു കുറ്റം മാത്രം, പ്രണയം' എന്ന വിവാദ പുസ്തകമെഴുതിയ മേരി കാതറിന്‍ അന്തരിച്ചു. അവരുടെ പ്രസിദ്ധി ആ പുസ്തകമെഴുതി എന്നതിന്റെ പേരില്‍ മാത്രമായിരുന്നില്ല. ആ പുസ്തകത്തില്‍ പ്രതിപാദ്യമായ ജീവിതം തിരഞ്ഞെടുത്തു എന്നതിന്റെ പേരില്‍ കൂടിയായിരുന്നു. മേരി കാതറിന്‍ എന്ന പേര് 1996-ല്‍ അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതിയുടേതുകൂടിയാണ്.

 


അമേരിക്കയിലെ സാമൂഹ്യ സാഹചര്യങ്ങളെയും നിയമവ്യവസ്ഥകളെയും ചോദ്യം ചെയ്ത ഒരു പുസ്തകം ആയിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയ ആ പുസ്തകത്തിന്റെ പേര് 'ഒരേയൊരു കുറ്റം മാത്രം, പ്രണയം' എന്നായിരുന്നു. പുസ്തകത്തില്‍ പറയുന്നതുപോലെ പ്രണയത്തെ കുറ്റമായി കണ്ട സമൂഹിക വ്യവസ്ഥിതിയോട് മല്ലിട്ട് ജീവിച്ച വിവാദ എഴുത്തുകാരി മേരി കാതറിന്‍ വിടപറഞ്ഞു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എഴുത്തുകാരി മേരി കാതറിന്‍ ലെടൂര്‍ന്യു അന്തരിച്ചത്.

 

തന്റെ ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമായ ഒരു ഓര്‍മ്മക്കുറിപ്പ്, 'ഒരേയൊരു കുറ്റം മാത്രം, പ്രണയം' എഴുതിയതിന്റെ പേരില്‍ അമേരിക്കയില്‍ പ്രസിദ്ധയാണ് മേരി കാതറിന്‍. അവരുടെ പ്രസിദ്ധി ആ പുസ്തകമെഴുതി എന്നതിന്റെ പേരില്‍ മാത്രമായിരുന്നില്ല. ആ പുസ്തകത്തില്‍ പ്രതിപാദ്യമായ ജീവിതം തിരഞ്ഞെടുത്തു എന്നതിന്റെ പേരില്‍ കൂടിയായിരുന്നു. മേരി കാതറിന്‍ എന്ന പേര് 1996-ല്‍ അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതിയുടേതുകൂടിയാണ്.

 

സിയാറ്റിലിലെ ബുറിയന്‍ എന്ന സബര്‍ബന്‍ പട്ടണത്തിലെ ഷോര്‍വുഡ് എലിമെന്ററി സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന മേരി കാതറിന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം, അവരുടെ സ്‌കൂളിലെ പന്ത്രണ്ടോ പതിമൂന്നോ മാത്രം വയസ് പ്രായമുണ്ടായിരുന്ന വിദ്യാര്‍ത്ഥി വില്ലി ഫൗലാവൂവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതാതായിരുന്നു. വില്ലി മൈനര്‍ ആയിരുന്നതിനാല്‍ ആ ബന്ധം നിയമത്തിന്റെ കണ്ണില്‍ ബലാത്സംഗത്തില്‍ കുറഞ്ഞൊന്നുമല്ലായിരുന്നു.

 

 

1996 -ലെ വേനല്‍ക്കാല അവധിയിലാണ് മേരി എന്ന 34 കാരിയായ, നാലുകുട്ടികളുടെ അമ്മയായ, ഗാര്‍ഹിക പീഡനങ്ങള്‍ നിറഞ്ഞ ഒരു വിവാഹത്തില്‍ നിന്ന് മോചിതയായി പുറത്തുവന്ന അദ്ധ്യാപികയും, അവരുടെ പ്രിയ വിദ്യാര്‍ത്ഥി വില്ലിയും തമ്മിലുള്ള അടുപ്പം ശാരീരിക ബന്ധത്തിന് വഴിമാറിയത്. മേരിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു അവളുടെ ഭര്‍ത്താവ്. മദ്യപാനിയും ഉപദ്രവിയുമായ അയാളോടൊപ്പം ഏറെ കഷ്ടപ്പെട്ട ശേഷം, വിവാഹമോചനം നേടി ഒറ്റയ്ക്ക് കഴിഞ്ഞുകൂടുന്നതിനിടെയാണ് അവര്‍ സ്വന്തം വിദ്യാര്‍ത്ഥിയായ വില്ലിയെ പരിചയപെപ്പടുന്നതും അവനോട് അടുക്കുന്നതും. അന്ന് വില്ലി സിക്‌സ്ത് ഗ്രേഡില്‍ പഠിക്കുന്ന കാലം.


ജൂണ്‍ 19 -ന് രാത്രി ഒന്നരയോടെ ഇരുവരെയും സിയാറ്റിലിന്റെ മറ്റൊരു സബര്‍ബന്‍ ടൗണ്‍ ആയ ഡെസ് മൊയിന്‍സ് മറീനയില്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ നിന്ന് പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നത്. ചോദ്യം ചെയ്ത പൊലീസിനോട് മേരി ആദ്യം പറഞ്ഞത്,'ഇവന് പതിനെട്ടു വയസ് ആയിട്ടുണ്ട്' എന്നായിരുന്നു. എന്നാല്‍, ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയപ്പോഴേക്കും മേരി അവര്‍ തമ്മില്‍ കാറില്‍ വച്ച് അടുത്തിടപഴകിയിട്ടുണ്ടായിരുന്നു എന്ന കാര്യം നിഷേധിച്ചു. വീട്ടിലേക്ക് 'ബേബി സിറ്റിങ്ങിനായി' കൊണ്ടുവന്ന വില്ലിയെ ഭര്‍ത്താവുമായി ഒരു വഴക്കുണ്ടായതിന്റെ പേരില്‍ തിരികെ അവന്റെ വീട്ടില്‍ കൊണ്ട് വിടാനിറങ്ങിയതായിരുന്നു താന്‍ എന്ന് അവര്‍ മൊഴിമാറ്റിപ്പറഞ്ഞു.

 


എന്തായാലും, ഈ സംഭവം നടന്ന് രണ്ടുമാസത്തിനകം മേരി കാതറിന്‍ വില്ലിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. 1997 -ല്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് വന്നു. അവര്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ' വില്ലിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ് എന്ന് തനിക്കറിയില്ലായിരുന്നു' എന്നായിരുന്നു മേരി കോടതിയില്‍ തന്റെ പക്ഷം ന്യായീകരിച്ചു കൊണ്ട് വാദിച്ചത്. ആ കേസില്‍ വിധി വരാന്‍ വേണ്ടി കാത്തിരിക്കുന്നതിനിടെ വില്ലിയുടെ കുഞ്ഞിനെ മേരി പ്രസവിച്ചു.

 


ഈ സാഹചര്യത്തില്‍ കോടതി മേരിക്ക് ആദ്യമായി ചെയ്യുന്ന അപരാധം എന്ന പരിഗണനയില്‍ ഒരു പ്‌ളീ ഡീല്‍ നല്‍കി. അവളുടെ ജയില്‍ശിക്ഷ ആറുമാസമായി ചുരുക്കി. എന്നാല്‍, ആ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ മേരി കാതറീനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. ഇത്തവണയും കാറില്‍ അവള്‍ക്കൊപ്പം പിടിക്കപ്പെട്ടത് വില്ലി തന്നെ. അപ്പോഴും അവനു പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നതിനാല്‍ വീണ്ടും കേസ് പഴയതിലധികം ഗൗരവത്തോടെ കോടതിയുടെ മുന്നില്‍ എത്തി. ഇത്തവണ കോടതി ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ഏഴു വര്‍ഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. ഇത്തവണ മേരി ജയിലിലേക്ക് പോയത് വില്ലിയുടെ കുഞ്ഞിനേയും ഗര്‍ഭത്തില്‍ പേറിക്കൊണ്ടാണ്. അവരുടെ രണ്ടാമത്തെ കുഞ്ഞ് ജോര്‍ജിയ പിറന്നു വീണത് ജയിലഴികള്‍ക്കുള്ളിലാണ്. മേരി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വരെ വില്ലിയുടെ രണ്ടു കുട്ടികളെയും വളര്‍ത്തിയത് വില്ലിയുടെ അമ്മയായിരുന്നു.

 


ഏഴുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് 2005 -ല്‍ മേരി മോചിതയായതിനു ശേഷം മെയ് 20 -ന് വില്ലിയും മേരിയും വിവാഹിതരായി. തങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത് കേവലം പ്രണയബന്ധം മാത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് അവരെഴുതിയ പുസ്തകമാണ് 'ഒരേയൊരു പാപം മാത്രം, പ്രണയം' അന്ന് സദാചാരത്തിന്റെ സൂക്ഷ്മദര്‍ശിനിക്കണ്ണുകളില്‍ ഏറെ വിവാദക്കരടുകള്‍ വീഴ്ത്തി. അവരുടെ കഥ 'ഓള്‍ അമേരിക്കന്‍ ഗേള്‍' എന്ന പേരില്‍ ഒരു സിനിമയ്ക്കും വഴിതെളിച്ചു. 'എന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല. ഞാന്‍ ഒരു ഇരയല്ല. ഒരു അച്ഛനായതില്‍ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല' എന്നാണ് വില്ലി 2013 -ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

 

എന്നാല്‍, 2017 -ല്‍, ഒരു വ്യാഴവട്ടം നീണ്ടു നിന്ന വിവാഹജീവിതത്തിനൊടുവില്‍, അജ്ഞാതമായ കാരണങ്ങളാല്‍ വില്ലി-മേരി ദമ്പതികള്‍ തമ്മില്‍ നിയമപരമായി വേര്‍പിരിഞ്ഞു. അധികം താമസിയാതെ മേരിക്ക് സ്റ്റേജ് 4 കാന്‍സര്‍ ഡയഗ്നോസ് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച, തന്റെ അമ്പത്തിയെട്ടാം വയസ്സില്‍, അര്‍ബുദരോഗം മൂര്‍ച്ഛിച്ച് മേരി കാതറിന്‍ ലെടൂര്‍ന്യു ഇഹലോകവാസം വെടിഞ്ഞു.

 

 

 

 

OTHER SECTIONS