മകളെക്കുറിച്ച് പറഞ്ഞത് അസംബന്ധമാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

By Priya.29 06 2022

imran-azhar

തിരുവനന്തപുരം:നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മകള്‍ വീണാ വിജയനെക്കുറിച്ച്  നിയമസഭയില്‍ താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

ജെയ്ക് മെന്ററാണെന്നു വീണ പറഞ്ഞിട്ടില്ലെന്നതില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു കുഴല്‍നാടന്‍ ചോദിച്ചു.വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേസില്‍ തന്നെയും പ്രതിചേര്‍ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.

 


ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്ററാണെന്നു വെബ്‌സൈറ്റില്‍ വീണ പറഞ്ഞിരുന്നു.വെബ്‌സൈറ്റില്‍ 2020 മേയ് 20 വരെയുണ്ടായിരുന്ന ഈ വിവരം പിന്നീട് അപ്രത്യക്ഷമായി.എന്തിനാണ് ഈ വിവരം മാറ്റിയത് എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

 


പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ തന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്‍നാടന്‍ ആരോപിച്ചത്. സഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ആധാരമായ രേഖകള്‍ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

OTHER SECTIONS