ജെയ്ക് ബാലകുമാര്‍ വീണയുടെ കമ്പനിയുടെ മെന്റര്‍;ചിത്രം സഹിതമുള്ള തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്‍

By Priya.29 06 2022

imran-azhar

തിരുവനന്തപുരം:പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ച് നല്‍കിയിരുന്ന വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

 

 

ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും 2020 മേയ് 20 വരെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.പിന്നീട് സൈറ്റ് നോക്കാന്‍ കഴിഞ്ഞിരുന്നില്ല.ജൂണ്‍ 20 ആയപ്പോഴേക്കും സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങി.അപ്പോള്‍ ജെയ്ക്കിന്റെ പേര് അതില്‍ ഉണ്ടായിരുന്നില്ല.

 

 


സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്‌സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

 

ലഭ്യമായ രേഖകള്‍ അനുസരിച്ച് എക്‌സാലോജിക്കിന്റെ ഒരേയൊരു ഓണര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ്.മുഖ്യമന്ത്രിയുടെ ഭാര്യയാണ് കമ്പനിയുടെ നോമിനി. ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറാണ് വീണ. കമ്പനി വെബ്‌സൈറ്റില്‍ കണ്‍സല്‍റ്റന്റുമാരായി മൂന്നുപേരെ കാണിച്ചിരുന്നു. അതില്‍ ഒരാള്‍ ജയ്ക്കായിരുന്നു. ജയ്ക്കുമായുള്ള ബന്ധം വളരെ വ്യക്തിപരമാണെന്നും അദ്ദേഹം മെന്ററാണെന്നുമാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.

 

 

സൈറ്റില്‍ ഉണ്ടായിരുന്ന ഈ വിവരങ്ങളെല്ലാം ഒരു മാസം കഴിഞ്ഞപ്പോള്‍ എന്തിനു മാറ്റി എന്നു മാത്രമേ ചോദിക്കുന്നുള്ളൂ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.വെബ്‌സൈറ്റ് 107 തവണ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.താന്‍ പങ്കുവച്ച വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കോഴിയെ കട്ടവന്റെ തലയില്‍ പൂട കാണും എന്നു പറയുന്നതുപോലെയാണ് ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്.

 

 


സഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശവും ശൈലിയും പദവിക്കു യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. സഭയില്‍ പറഞ്ഞതിനെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. അസംബന്ധമാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. സ്വപ്നയ്ക്കു നിയമനം നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സാണ്. പല കരാറുകളും സര്‍ക്കാര്‍ സുതാര്യതയില്ലാതെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു നല്‍കി.

 

 

സ്വപ്നയുടെ ശമ്പളം പിഡബ്ല്യുസിയില്‍നിന്ന് തിരികെ പിടിക്കാത്തത് നിയമസഭയില്‍ ഉന്നയിക്കും. വിദേശത്തുവച്ച് ഏതെങ്കിലും ബാഗ് മുഖ്യമന്ത്രി സ്വീകരിച്ചോ എന്നു വ്യക്തമാക്കണം. എന്തുകൊണ്ട് ബാഗ് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അയയ്ക്കാതെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി അയച്ചു എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

 

 

 

OTHER SECTIONS