മക്കളുടെ കണ്ണില്ലാത്ത ക്രൂരത; വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ച നിലയില്‍ വയോധിക

By Anju N P.13 Jul, 2018

imran-azhar


മാവേലിക്കര: ആറു മക്കളുള്ള വയോധികയെ വീടിന് പുറത്ത് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജ്വാലയുടെ പ്രവര്‍ത്തകര്‍ എത്തി ഇവരെ ഏറ്റെടുത്തു. കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മ(86)യോടാണ് ആറ് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഭവാനിയമ്മയ്ക്കുള്ളത്.

 

കല്ലുമലയില്‍ ഇളമകനും മരുമകള്‍ക്കുമൊപ്പമായിരുന്നു ഭവാനിയമ്മ താമസിച്ചിരുന്നത്. മകനും മരുമകളും പുറത്ത് പോകുമ്പോള്‍ ഇവരെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാതെ വീട്ടുപടിയില്‍ കിടത്തുകയാണ് പതിവ്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ജ്വാലയുടെ പ്രവര്‍ത്തകരും പോലീസും എത്തുമ്പോള്‍ മുഖത്തും ശരീരത്തിലും മലം പുരണ്ട നിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു ഇവര്‍.

 

ഇവരെ കുളിപ്പിച്ച് വസ്ത്രം മാറ്റിയ ശേഷം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭവാനിയമ്മയുടെ മക്കള്‍ക്കെതിരേ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാലയുടെ പ്രവര്‍ത്തകര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കി.