മെയ് 19 സഖാവ് ഇ.കെ നായനാര്‍ ദിനം

By BINDU PP.19 May, 2017

imran-azhar

 

 

മെയ് 19 സഖാവ് ഇ.കെ നായനാര്‍ ദിനം. കേരളാരാഷ്ട്രീയത്തില്‍ എന്തുകൊണ്ടും ഇതിഹാസമായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ. നായനാര്‍. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ്. ജനങ്ങളെയും ശത്രുക്കളായ രാഷ്ട്രീയക്കാരെയും ഒരുപോലെ നിഷ്കളങ്കമായ നര്‍മ്മപ്രയോഗത്താല്‍ ചിരിപ്പിച്ച നേതാവ്. ജനക്കൂട്ടത്തെ രാഷ്ട്രീയഭേദമന്യെ ആകര്‍ഷിച്ച പ്രാസംഗികന്‍. അതെ എളുപ്പം എഴുതിത്തള്ളാവുന്നതല്ല സമരങ്ങളുടെ കുരുത്തില്‍ വളര്‍ന്നു പന്തലിച്ച ഈ ജീവിതം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ് ഇ കെ നായനാരാണ്.

 

1980 ലാണ് നായനാര്‍ ആദ്യം മുഖ്യമന്ത്രിയായത്. 1980 ജനവരി 25 മുതല്‍ 1981 ഒക്ടോബര്‍ 10 വരെ ആദ്യവട്ടം നായനാര്‍ കേരളം ഭരിച്ചു. 1987 ലാണ് മുഖ്യമന്ത്രിയായി നായനാരുടെ രണ്ടാമൂഴം.1987 മാര്‍ച്ച് ഏഴു മുതല്‍ 1991 ജൂണ്‍ വരെ നായനാര്‍ രണ്ടാം തവണ കേരളം ഭരിച്ചു. 1996 മെയ് മുതല്‍ 2001 മെയ് വരെ മൂന്നാം തവണ മുഖ്യമന്ത്രിയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്‍റെ റിക്കാര്‍ഡാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിപദത്തിലിരുന്നു കൊണ്ട് നായനാര്‍ തകര്‍ത്തത്.

 

കമ്മ്യൂണിസ്റ്റ് നേതാവായ ഏറമ്പാല കൃഷ്ണന്‍ നായനാര്‍ 1919 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ചു. 1939 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി.കര്‍ഷക-വ്യവസായതൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനു നേതൃത്വം നല്‍കി പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചു. ചരിത്രപ്രസിദ്ധമായ കയ്യൂര്‍, മൊറാഴ സമരങ്ങളില്‍ നായനാര്‍ സജീവമായി പങ്കെടുത്തിരുന്നു, . 1940 ല്‍ ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായി. അടിയന്തിരാവസ്ഥക്കാലത്തുള്‍പ്പെടെ 11 വര്‍ഷം ജയില്‍വാസമനുഭവിച്ചു. കയ്യൂര്‍ സമരത്തില്‍ മൂന്നാം പ്രതിയായിരുന്നു. ഒളിവില്‍ പോയ നായനാര്‍ രക്ഷപ്പെട്ടു. മറ്റ് പ്രതികളെ 1943 മാര്‍ച്ച് 29ന് തൂക്കിക്കൊന്നു.ഒളിസങ്കേതം തിരുവിതാംകൂറിലേക്ക് മാറ്റിയ ശേഷം നായനാര്‍ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴയിലേക്ക്പ്രവര്‍ത്തനം മാറ്റി. സ്വാതന്ത്യ്രാനന്തരം നായനാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. പിന്നീട് ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകന്‍.2004 മെയ്19,കണ്ണൂരിന്‍റെയുംകേരളത്തിന്‍റെയും ആ മഹാനായ പുത്രന്‍റെ മടക്ക യാത്ര. സ്വദേശാഭിമാനിയും അഴീക്കോടനും എ.കെ.ജിയും ചടയനും ഓര്‍മ്മകളായി അവശേഷിക്കുന്ന പയ്യാമ്പലത്തെ മണല്‍ തരികളില്‍ ഇപ്പോള്‍ സഖാവ് നായനാരുമുണ്ട്.

 

OTHER SECTIONS