വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി; യുപിയില്‍ മഹാസഖ്യം തകര്‍ന്നു

By mathew.24 06 2019

imran-azhar


ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചെങ്കിലും എസ്പി-ബിഎസ്പി മഹാസഖ്യം വീണ്ടും തകര്‍ന്നു. രണ്ടു ദശാബ്ദക്കാലത്തിലേറെ നീണ്ട ശത്രുത മറന്നായിരുന്നു തിരഞ്ഞെടുപ്പില്‍ എസ്.പിയും, ബിഎസ്പിയും ഒന്നിച്ചത്. മഹാഘട്ബന്ധന്‍ ഇല്ലാതായെന്നും വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്നും ബിജെപിയെ തോല്‍പിക്കാന്‍ എസ്പി സഖ്യം പോരെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം എസ്പി തലവന്‍ അഖിലേഷ് യാദവ് തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ബിഎസ്പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രകടനം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് അധ്യക്ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുപിയില്‍ സഖ്യം പരാജയപ്പെട്ടതിനു പിന്നാലെ മായാവതിയെ വിളിക്കണമെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അഖിലേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിന് കൂട്ടാക്കിയിരുന്നില്ല. എന്നാല്‍, എസ്പിയുടെ സുപ്രധാന നേതാക്കളായ ഡിംപിള്‍ യാദവും ധര്‍മേന്ദ്ര യാദവും തോറ്റത് തന്നെ ഞെട്ടിച്ചെന്നും അക്കാര്യത്തിലുള്ള ദുഃഖം അഖിലേഷുമായി പങ്കുവയ്ക്കാന്‍ വിളിച്ചിരുന്നുവെന്നും മായാവതി വ്യക്തമാക്കി. ഭാര്യയായ ഡിംപിളിന്റെ ജയം ഉറപ്പാക്കാന്‍ പോലും അഖിലേഷിനായില്ലെന്നു പിന്നീട് മായാവതി കുറ്റപ്പെടുത്തുകയും ചെയ്തു.


'2012-2017 കാലത്തെ എസ്പി ഭരണകാലത്ത് ബിഎസ്പിക്കെതിരെയുണ്ടായ നടപടികളും ദലിത് വിഭാഗത്തിനെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം മറന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതുപോലും മറന്ന് എസ്പിക്കൊപ്പം ചേര്‍ന്നത് മഹാസഖ്യത്തിന്റെ 'ധര്‍മം' മനസ്സിലുള്ളതു കൊണ്ടായിരുന്നു. രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനാണ് എസ്പിക്കൊപ്പം ചേര്‍ന്നിരുന്നത്'- മായാവതി ട്വീറ്റ് ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള എസ്പിയുടെ സമീപനമാണ് സഖ്യം ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.


പ്രധാനമന്ത്രിയാകണമെന്ന സ്വപ്നം തകര്‍ന്നതിനാലാണ് മായാവതി മഹാസഖ്യം ഉപേക്ഷിച്ചു പോകുന്നതെന്ന് ഡിംപിള്‍ യാദവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിക്കൊപ്പം മാത്രമേ മായാവതി നില്‍ക്കുകയുള്ളൂവെന്നും ഡിംപിള്‍ ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS