ആശുപത്രി ബില്‍ അടച്ചില്ല; നവജാതശിശുവിനെ മാതാപിതാക്കള്‍ക്ക് നല്‍കാതെ മാസങ്ങളോളം തടഞ്ഞുവച്ചു

By Anju N P.14 Feb, 2018

imran-azhar

 

ലൈബ്രെവില്‍: ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ട് നല്‍കാതെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയില്‍ തടഞ്ഞുവച്ചു. ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോര്‍ത്തതോടെ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള വഴി തെളിയുകയായിരുന്നു.

 

മാസം തികയാതെ ജനിച്ച എയ്ഞ്ചല്‍ എന്ന പെണ്‍കുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയില്‍ തടഞ്ഞുവച്ചത്. 35 ദിവസത്തോളം കുഞ്ഞ് ഇന്ക്യൂബേറ്ററിലായിരുന്നു. തുടര്‍ന്ന് ക്ലിനിക് അധികൃതര്‍ 3,630 ഡോളര്‍ (2.33 ലക്ഷം രൂപ) ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. ഇതോടെ കുഞ്ഞിനെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.

 

മാതാപിതാക്കളുടെ ദുരനുഭവം മാധ്യമശ്രദ്ധ നേടിയതോടെ രാജ്യം ഒന്നോടെ ബില്ലിനുള്ള പണം സമാഹരിക്കാന്‍ കൈകോര്‍ത്തു. ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവര്‍ ഇതിനായി സംഭവന നല്‍കി. ഒടുവില്‍ ബില്‍ അടച്ചതോടെ കുഞ്ഞുമായി വീട്ടില്‍ പോകാന്‍ ക്ലിനിക് അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് അമ്മ സോണിയ പറഞ്ഞു. ക്ലിനിക്കിന്റെ ഡയറക്ടറെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

 

OTHER SECTIONS