മാധ്യമ ധർമ്മവും പത്രാധിപരുടെ ദീപ്തസ്മരണയും

By online desk .18 09 2020

imran-azhar

 

 

പത്രാധിപര്‍ എന്നാല്‍ ഇന്നും പത്രാധിപര്‍ കെ സുകുമാരനാണ്. അക്ഷരങ്ങളെ സാമൂഹ്യമാറ്റത്തിനുള്ള അഗ്നിയായി ജ്വലിപ്പിച്ച ഗാന്ധിയന്‍. പത്രലോകത്തിലെ ഭീഷ്മാചാര്യര്‍ വിടപറഞ്ഞിട്ട്, സെപ്റ്റംബര്‍ 18 ന്, 40 വര്‍ഷമാകുന്നു. ജീവിതകാലം മുഴുവന്‍ ഉദാത്തമായ മാധ്യമ ധര്‍മ്മത്തിന്റെ ദീപശിഖയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മാധ്യമങ്ങളുടെ ധാര്‍മ്മികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന വര്‍ത്തമാനകാലത്ത്, പത്രാധിപരുടെ ദീപ്ത സ്മരണകള്‍ ഏവര്‍ക്കും പുനര്‍വിചിന്തനത്തിന് പ്രചോദനമാകണം. അക്ഷരങ്ങളുടെ ശക്തി ശരിയായി വിനിയോഗിക്കാന്‍ പത്രാധിപര്‍ എന്നും ശ്രദ്ധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര, വിശ്വാസ്യതയാണെന്ന് തിരിച്ചറിയുകയും അതിനു ഭംഗം വരാതിരിക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുകയും ചെയ്തു. ജാഗ്രത്തായ മനസ്സോടെ, സമൂഹത്തെ വീക്ഷിക്കുകയും നെല്ലും പതിരും തിരിച്ചറിഞ്ഞ്, വസ്തുനിഷ്ഠമായി വാര്‍ത്തകളെ സമീപിക്കുകയും ചെയ്തു. പത്രാധിപരുടെ അനന്യതയും അതു തന്നെയാണ്.

 

അധാര്‍മ്മികവും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ വാരിവിതറാനുള്ള ഇടമായി ആധുനിക മാധ്യമരംഗം മാറി. വാര്‍ത്തകളുടെ വാസ്തവം മനസ്സിലാക്കാന്‍ പോലും ശ്രമിക്കാതെ, മനസ്സിലാക്കിയാല്‍ത്തന്നെ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വളച്ചൊടിച്ചു പരുവപ്പെടുത്തി ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ യാതൊരു മടിയുമില്ലാത്ത പുതിയ കാല മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും പത്രാധിപരുടെ മാധ്യമ ജാഗ്രത ഉള്‍ക്കൊള്ളാനായെന്നു വരില്ല. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും എതിര്‍പ്പുകളും വിമര്‍ശനങ്ങളും ചുറ്റിലും ഉയര്‍ന്നപ്പോഴും ഇച്ഛാശക്തിയോടെ അദ്ദേഹം തലയുയര്‍ത്തി നിന്നു. എതിര്‍പ്പുകളെ കരുത്താക്കി, വിമര്‍ശനങ്ങളെ മുന്നോട്ടുള്ള യാത്രയുടെ ഊര്‍ജ്ജമാക്കി.

 

വിമോചന സമരത്തെ ഈ രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ മനസും മെയ്യും മറന്ന് അരാജകശക്തികള്‍ക്കൊപ്പം അനുകൂലിച്ചപ്പോള്‍, വേറിട്ട നിലപാട് സ്വീകരിച്ചത് പത്രാധിപര്‍ കെ. സുകുമാരന്‍ മാത്രമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരിനെ തെറ്റായ മാര്‍ഗ്ഗത്തിലൂടെ പുറത്താക്കുന്നതിന് നടത്തിയ കോപ്പുകൂട്ടലുകളെ പത്രാധിപര്‍ നഖശിഖാന്തം എതിര്‍ത്തു. ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശ പ്രകാരം നെഹ്‌റുവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കശാപ്പു ചെയ്ത് രാജ്യത്ത് ആദ്യത്തെ ജനാധിപത്യനിഗ്രഹം നടത്തി. വിമോചന സമരം തെറ്റായിപ്പോയെന്ന് അതിന്റെ വക്താക്കള്‍ തന്നെ പിന്നീട് കുറ്റസമ്മതം നടത്തിയപ്പോഴാണ് പത്രാധിപരുടെ നിലപാടിന്റെ വജ്രശോഭ തിരിച്ചറിഞ്ഞത്. 

 

ജീവിതത്തിലുടനീളം തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. ലോകം മുഴുവന്‍ എതിര്‍ത്തപ്പോഴും അവയില്‍ നിന്ന് അണുവിട പിന്നോക്കം പോയില്ല. അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം ശരിയായിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു. തന്റെ ശരികളില്‍ ഉറച്ചുനില്‍ക്കുമ്പോഴും എതിര്‍ശബ്ദങ്ങളെ ഉള്‍ക്കൊള്ളാനും അദ്ദേഹം തയ്യാറായി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് സ്വീകരിച്ചത്. 

 

പത്രാധിപരുടെ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം ഗുരുദേവ ദര്‍ശനങ്ങളായിരുന്നു. 1954 ല്‍ വളരെ കുറച്ചുകാലം അദ്ദേഹം എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡന്റുമായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ അദ്ദേഹം കൈപിടിച്ചുയര്‍ത്തി. നാവില്ലാത്തവരുടെ നാവായി.  അടിസ്ഥാന അവകാശങ്ങളെക്കുറിച്ചു പോലും അജ്ഞരായ മനുഷ്യര്‍ക്കായി നിരന്തരം തൂലിക ചലിപ്പിച്ചു. അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിച്ചു. സമുദായങ്ങള്‍ക്കപ്പുറം, സമൂഹത്തിലെ പിന്നോക്ക ജനവിഭാഗങ്ങളെയെല്ലാം അദ്ദേഹം ചേര്‍ത്തുപിടിച്ചു. 

 

സാമൂഹിക പിന്നോക്കാവസ്ഥയുടെ ദുരിതം പേറിയ ജനവിഭാഗങ്ങളുടെ അവകാശമായ സംവരണം നിലനിര്‍ത്തുന്നതിനായി അദ്ദേഹം എന്നും ജാഗ്രത പുലര്‍ത്തി. സംവരണ വിരുദ്ധതക്കെതിരെ നിരന്തരം എഴുതി. പ്രസംഗകനായി വളരെ കുറച്ചുവേദികളിലേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അവയൊക്കെയും അവിസ്മരണീയങ്ങളാണ്. 1957-ലെ കുളത്തൂര്‍ പ്രസംഗം, കേരള ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെയാണ് അദ്ദേഹം കുളത്തൂരില്‍ സംസാരിച്ചത്. അതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍. കുളത്തൂര്‍ പ്രസംഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കൊടുങ്കാറ്റായത് ചരിത്രം.  

 

 

മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി.വി. കുഞ്ഞുരാമന്റെയും കൊച്ചിക്കാവിന്റെയും മകനായി 1903 ജനുവരി 8 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം വെള്ളമണല്‍ സ്‌കൂളില്‍. പിതാവ് സി.വി. കുഞ്ഞുരാമന്‍ ഹെഡ്മാസ്റ്റര്‍. പരവൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 

 

 

മധുര അമേരിക്കന്‍ കോളേജില്‍ ഇന്റര്‍മിഡിയറ്റ് പഠനം. തുടര്‍ന്ന് തിരുവനന്തപുരം സയന്‍സ് കോളേജില്‍ നിന്ന് ബി. എ പാസ്സായി. പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചത് സബ് ഇന്‍സ്പെക്ടറാകാം എന്ന പ്രതീക്ഷയില്‍. അതിനായി അപേക്ഷയും നല്‍കി. എന്നാല്‍, അര്‍ഹതയും യോഗ്യതയും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ അപേക്ഷ തിരസ്‌കരിച്ചു. പിന്നീട് അദ്ദേഹം ജോലിയില്‍ തുടര്‍ന്നില്ല. 

 

സി.വി. കുഞ്ഞുരാമനായിരുന്നു അന്ന് കേരളകൗമുദിയുടെ പത്രാധിപര്‍. ഇടക്കാലത്ത് പ്രസിദ്ധീകരണം നിലച്ച കേരളകൗമുദിയെ അദ്ദേഹം ദിനപത്രമാക്കി. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ കേരള കൗമുദി, മലയാള പത്രപ്രവര്‍ത്തനരംഗത്ത് പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി. 1973 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 

 

1116 മകരം 6 നായിരുന്നു വിവാഹം. വധു പരവൂര്‍ കൊച്ചുകടകം വീട്ടില്‍ കെ. എന്‍. നാരായണന്റെയും സി.വി. കുഞ്ഞുരാമന്റെ ഇളയ സഹോദരി ഗൗരിക്കുട്ടിയമ്മയുടെയും മകള്‍ മാധവി. ദമ്പതികള്‍ക്ക് എം.എസ്. മണി, എം.എസ് മധുസൂദനന്‍, എം.എസ്. ശ്രീനിവാസന്‍, എം.എസ്. രവി എന്നീ നാല് ആണ്‍മക്കള്‍. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മൂത്ത മകന്‍ എം.എസ് മണി, മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതുയുഗം സൃഷ്ടിച്ചു. 

 

 

 

OTHER SECTIONS