സ്വകാര്യ ബസില്‍ നിന്ന് ഇറക്കിവിട്ട രോഗി ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു

By Online desk .12 09 2019

imran-azhar

 

കൊച്ചി: സ്വകാര്യബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട രോഗി മരിച്ചു. ബസില്‍ കുഴഞ്ഞുവീണ രോഗിക്ക് ബസ് ജീവനക്കാര്‍ ഉടന്‍ ചികിത്സയ്ക്ക് വഴിയൊരുക്കിയില്ല. മൂവാറ്റുപുഴയിലായിരുന്നു സംഭവം. വണ്ണപ്പുറം സ്വദേശി കെ.ഇ സേവ്യര്‍ (68) ആണ് മരിച്ചത്.

കാളിയാര്‍- മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന മദര്‍ലാന്റ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യവെയാണ് സേവ്യര്‍ കുഴഞ്ഞു വീണത്. എന്നാല്‍, ഇദ്ദേഹത്തിന് ചികിത്സ നല്‍കാനുള്ള വഴിയൊരുക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. പകരം അഞ്ചുകിലോമീറ്റര്‍ മാറി ഞാറക്കാട് എന്ന സ്ഥലത്ത് ഇദ്ദേഹത്തെ റോഡില്‍ ഇറക്കിവിടുകയായിരുന്നു.

ഒരു ഓട്ടോയുടെ അടുത്ത് ബസ് നിര്‍ത്തി, ബസ് ജീവനക്കാര്‍ സേവ്യറിനെ വലിച്ചിഴച്ച് പുറത്തേക്ക് തള്ളുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ആരെങ്കിലും കൂടെ വരണമെന്ന് ആളുകളോട് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.

പിന്നീട് ഓട്ടോഡ്രൈവര്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയാണ് ഇദ്ദേഹത്തെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ ഏറെ താമസിയാതെ മരിക്കുകയായിരുന്നു.

 

 

OTHER SECTIONS