മെക്‌സിക്കോയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി

By Online Desk.03 12 2018

imran-azhar

 

 

മെക്‌സിക്കോസിറ്റി: ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം മെക്‌സിക്കോയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി. ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ (അംലോ) മെക്‌സിക്കോയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് 65കാരനായ ഒബ്രദോര്‍ വിജയിച്ചത്. എതിരാളിയായ മുന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നവലിബറല്‍ സാമ്പത്തിക നയത്തിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് ഒബ്രദോര്‍. മുന്‍ മെകസിക്കോ സിറ്റി മേയര്‍ ആയിരുന്നപ്പോള്‍ സ്വീകരിച്ച ജനപ്രിയ നയങ്ങളുടെ പിന്‍ബലത്തിലാണ് ഒബ്രദോര്‍ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ജയം സ്വന്തമാക്കിയത്.


കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഒബ്രദോറിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്കുശേഷം രാജ്യത്തെ അഭിസംബോധനചെയ്ത ഒബ്രദോര്‍ മുന്‍ ഭരണകൂടം സ്വീകരിച്ച നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്. നമ്മെ രക്ഷിക്കാനെന്ന പേരില്‍ അവതരിപ്പിച്ച ഊര്‍ജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉല്‍പ്പാദനം കുറച്ചു. ഇന്ധനവൈദ്യുതി നിരക്ക് വന്‍തോതില്‍ കൂടാനും ഇത് ഇടയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


പതിറ്റാണ്ടുകളായി രാജ്യത്തെ പിന്നോട്ടടിച്ച അഴിമതിക്കും ദാരിദ്ര്യവും പരിഹരിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന ഒബ്രദോര്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി രാജ്യം നേരിടുന്ന ആഭ്യന്തര കലാപങ്ങള്‍ക്ക് അറുതിവരുത്തുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയില്‍ ഊന്നിയ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒബ്രദോര്‍ ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും, അത് നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡൂറോ, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ, ഒബ്രദോറിന്റെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്‍, ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

OTHER SECTIONS