മിലിറ്ററി ക്യാംപ് അതിര്‍ത്തി പ്രശ്‌നം : വീട്‌വെക്കാന്‍ സമ്മതിപത്രമില്ലാതെ തദ്ദേശവാസികള്‍

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം : മിലിറ്ററി ക്യാമ്പിന്റെ അതിര്‍ത്തിയില്‍ നിന്ന്് 100 മീറ്റര്‍ അകലെ മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ പാടുളളൂ എന്ന ചട്ടക്കുരുക്കില്‍പ്പെട്ട് നിരവധി കുടുംബങ്ങള്‍. സ്വന്തം മണ്ണില്‍ സ്വന്തം ചിലവില്‍ സ്വന്തമായൊരു വീട് എന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണിവര്‍. പൂജപ്പുര, പാങ്ങോട്, തിരുമല നിവാസികളാണ് തലചായ്ക്കാന്‍ ഒരിടം എന്ന ആവശ്യവുമായി മുറവിളികൂട്ടുന്നത്. പാങ്ങോട് മിലിട്ടറി ക്യാമ്പ് സമീപവാസികളാണ് വലയുന്നത്. സ്വന്തം മണ്ണില്‍ (കരം തീരുവയുളള) തലചായ്ക്കാന്‍ അനുവാദം തരുന്നവര്‍ക്ക് മാത്രമാണ് ഇക്കുറി വോട്ട് എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണിവര്‍.

 

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ കേന്ദ്ര ഗവ.സ്ഥാപനമായ എ.ജി ഓഫീസിനുമുന്നില്‍ നടത്തിയ സംങ്കട സംഗമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വീട് വെക്കാന്‍ ഭുമിയോ സര്‍ക്കാര്‍ ധനസഹായമോ വേണ്ട. അധികാരികളുടെ സമ്മതപത്രം മാത്രമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഇവര്‍ പറയുന്നു. നിലവില്‍ ഉളള വീടുകളുടെ അറ്റകുറ്റപ്പണികള്‍ പോലും തടസ്സപ്പെടുകയാണ്. നാല് വാര്‍ഡുകളിലായി രണ്ടായിരത്തി എഴുപത് കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് പരിഹാരമാകാതെ കിടക്കുന്നത്. ജീര്‍ണ്ണാവസ്ഥയിലായ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ നിയമക്കുരുക്കില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവോദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പൂജപ്പുര ന• കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എം.പിമാരായ ശശി തരൂര്‍, എ.സമ്പത്ത്, എന്‍.കെ പ്രേമചന്ദ്രന്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി എന്നിവര്‍ മുഖേന പ്രശ്‌നം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ന• ജനറല്‍ കണ്‍വീനര്‍ അഡ്വ.എസ് പ്രസന്ന കുമാര്‍ പറഞ്ഞു. 21-10-2016 ലെ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പാര്‍ട്ട് എയില്‍ മറ്റ് സംസ്ഥാന തലസ്ഥാന പ്രതിരോധ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയതുപോലെ പാങ്ങോടിനേയും ഉള്‍പ്പെടുത്തണമെന്ന ന• കൂട്ടായ്മയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ നേരിട്ടും കേരള എം.പിമാരുടെ കോണ്‍ഫറന്‍സില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സംസ്ഥാനം കേരളത്തില്‍ നിന്നുളള എം.പിമാരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സുരേഷ് ഗോപി എം.പിയുടെ ഇടപെടലിനും ഫലമുണ്ടായില്ല.കഴിഞ്ഞ വര്‍ഷം തുടങ്ങിയ പ്രതിഷേധ സംഗമത്തിന്‍െ വാര്‍ഷികമായാണ് ഇന്നലത്തെ സായാഹ്ന സങ്കട സംഗമം നടത്തിയത്. ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുളള ശ്രമങ്ങള്‍ തുടരുമെന്ന്് അദ്ദേഹം പറഞ്ഞു. അഡ്വ.എസ് പ്രസന്ന കുമാര്‍ അധ്യക്ഷത വഹിച്ചു.പി.ജി ഭാസ്‌കരന്‍ നായര്‍ സംസാരിച്ചു.

OTHER SECTIONS