സർക്കാരിന്റെ ലക്ഷ്യം പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനം : മന്ത്രി എ.കെ. ബാലൻ

By online desk .22 09 2020

imran-azhar

 

തിരുവനന്തപുരം: പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ. അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഠിനംകുളം പുതുവൽ കോളനിയിലെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നാലര വർഷത്തിനിടെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 90,000ത്തോളം വീടുകൾ നിർമിച്ചു നൽകാനായെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവർക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങിയവ നൽകുന്നതിനു നിരവധി പദ്ധതികളാണു സർക്കാർ ആവിഷ്‌കരിച്ചത്. ഇതിന്റെ ഫലമായി ഈ വിഭാഗങ്ങൾക്കിടയിൽ സുസ്ഥിര വികസനം ഉറപ്പാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു .

 

റോഡ് നിർമാണം, ഡ്രെയ്നേജ്, വീട് അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ലൈബ്രറി തുടങ്ങി വിവിധ നിർമാണങ്ങളാണു പദ്ധതിയുടെ ഭാഗമായി പുതുവൽ കോളനിയിൽ നടപ്പിലാക്കുന്നത്. ഒരു കോടിയോളം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ മറ്റു നാലു പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

 

പട്ടികജാതി സമൂഹത്തിന്റെ വികസനത്തിനായി അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി കൂടുതൽ തുകയാണ് ഈ സർക്കാർ നീക്കിവച്ചിട്ടുള്ളതന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. പട്ടികജാതി വകുപ്പ് ഡയറക്ടർ പി.എ. ശ്രീവിദ്യ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തിന് ശേഷം കോളനിയിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി ഫെലിക്‌സ് , വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

OTHER SECTIONS